തിരുവനന്തപുരം വെമ്പായത്ത് പ്രഭാത നടത്തത്തിന് പോയയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. ഇടുക്കംതല സ്വദേശി സജീവിനെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ പ്ളാസ്റ്റിക് വയര്‍ കുടുങ്ങിക്കിടക്കുന്നതും ഫോണ്‍ കാണാനില്ലാത്തതുമാണ് കൊലപാതക സൂചന നല്‍കുന്നത്.
സ്വകാര്യ ഗ്രാനൈറ്റ് കമ്പനിയില്‍ ജനറല്‍ മാനേജറായ ജി.സജീവ് രാവിലെ അറ് മണിയോടെ പതിവ് പ്രഭാത നടത്തത്തിന് പോയതാണ്. തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിന് സമീപമുള്ള റബര്‍ തോട്ടത്തിലെ കുഴിയില്‍ മൃതദേഹം കണ്ടത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലെ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.മൃതദേഹത്തില്‍ നിന്ന് മണം പിടിച്ച നായ സമീപത്തെ ്ആളൊഴിഞ്ഞ വീട് വരെ ഓടിയ ശേഷം നിന്നു.
കൊലപാതക സാധ്യത കേന്ദ്രീകരിച്ചാണ് അന്വേഷണം. സജീവിന്റെ കഴുത്തില്‍ പ്ളാസ്റ്റിക് വള്ളി കുരുങ്ങി വലിഞ്ഞ നിലയില്‍ കിടപ്പുണ്ട്. പതിവായി നടക്കാന്‍ പോകുന്ന വഴിയിലല്ല, മൃതദേഹം കണ്ടതും. അതോടൊപ്പം മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നു. എന്നാല്‍ ചുണ്ടിലെ ചെറിയ മുറിവല്ലാതെ ശരീരത്തിലെവിടെയും മറ്റ് മുറിവുകള്‍ കാണാനില്ല. ബലപ്രയോഗം നടന്നതിന്റെ മറ്റ് അടയാളങ്ങളും ലഭിച്ചിട്ടില്ല. അതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാവും.