കേരളത്തിന്‍റെ നൊമ്പരമായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വര്‍ഷങ്ങളായി ന്യൂറോളജിസ്റ്റില്ല. തസ്തിക സൃഷ്ടിക്കുമെന്ന വാഗ്ദാനം നിലവിലുണ്ടെങ്കിലും തസ്തികയില്ലാത്തതിനാല്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കാനാവാത്തതാണ് പ്രശ്നം. 

കാസര്‍കോട് ജില്ലയ്ക്ക് ന്യൂറോളജിസ്റ്റിനെ വേണമെന്ന ആവശ്യത്തിന് പഴക്കം കുറച്ചൊന്നുമല്ലയുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍കൂടിയുള്ള ജില്ലയില്‍ ന്യൂറോളജിസ്റ്റിന്‍റെ ആവശ്യം ആരോഗ്യവിദഗ്ധര്‍ക്കെല്ലാം അറിയാവുന്നതുമാണ്. ജില്ലയില്‍ സന്ദര്‍ശനത്തിന് വരുന്ന മന്ത്രിമാരും പലതവണ ഉറപ്പ് കൊടുത്തിട്ടുള്ളതാണ് തസ്തിക സൃഷ്ടിക്കുമെന്ന്. എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ചിലര്‍ക്കെങ്കിലും ഇടയ്ക്കിടെ അപസ്മാരം ഉള്‍പ്പെടെ പിടിപെടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ന്യൂറോളജിസ്റ്റിന്‍റെ തസ്തിക സൃഷ്ടിക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവില്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ മംഗളൂരുവിലോ പരിയാരത്തോ ആണ് ഇവര്‍ പോകുന്നത്. പലതവണ സമരത്തിനിറങ്ങിയിട്ടും ഇതുവരെ യാതൊരു തീരുമാനവും വന്നിട്ടില്ല. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ എത്രയും പെട്ടന്നുതന്നെ പതിയേണ്ട വിഷയങ്ങളിലൊന്നാണിത്.