പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് െകാണ്ടായിരുന്നു പി വി അൻവർ എംഎൽഎ ഇന്ന് മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് നേതാക്കളുടെ പേരെടുത്തായിരുന്നു വിമർശനം. ഇതിന് മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ് ജോയി അതേ നാണയത്തിൽ മറുപടിയുമായി രംഗത്തെത്തി. ‘പ്രിയരെ ഒരു സന്തോഷ വാർത്ത, നിലമ്പൂരിൽ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കൻ വനാന്തരങ്ങളിൽ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആൾക്കുരങ്ങൻ നിലമ്പൂരിൽ തിരിച്ചെത്തിയത്രേ.എന്തൊക്കെയോ കാരണം കൊണ്ട് സമനില തെറ്റിയത് കൊണ്ടാകാം തെറിവിളിയാണ് സാറെ ഇപ്പോ മൂപ്പരുടെ മെയിൻ.’ പരിഹാസത്തോടെ ജോയ് കുറിച്ചു.
കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ്് ടോര്‍ച്ചടിക്കേണ്ടെന്നായിരുന്നു പി വി അൻവർ രാവിലെ പറഞ്ഞത്. കെ സി വേണുഗോപാൽ ബിജെപി ഏജന്റാണ്. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിക്കുള്ളൂ. എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിവാദങ്ങൾക്കിടെ നാട്ടിലെത്തിയ എം.എൽ.എ ഇന്നു രാവിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിലെത്തി ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അൻവറുമുണ്ടാകും.