പാലക്കാട്: മാപ് പറഞ്ഞ വഴിയേ പോയി ഒരിക്കലെങ്കിലും ‘വഴിതെറ്റാത്തവർ’ വിരളമായിരിക്കും. തെറ്റ് നമ്മുടേതാണോ അതോ മാപ്പിന്റേതാണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടെങ്കിലും വഴിതെറ്റൽ പതിവു കഥ തന്നെ. കഴിഞ്ഞ ദിവസം അട്ടപ്പാടി ചുരത്തിൽ ട്രെയ്‌ലർ ലോറികളെ കുടുക്കിയതും മാപ് തന്നെ.
കുറുക്കുവഴി കുടുക്കി
മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്കു പോയ ഡ്രൈവർ ഗൂഗിൾ മാപ്പിൽ എളുപ്പവഴി നോക്കിയപ്പോൾ മണ്ണാർക്കാട് നെല്ലിപ്പുഴ ജംക്‌ഷനിൽ ഇടത്തോട്ടുതിരിഞ്ഞ് അട്ടപ്പാടി വഴി പോയാൽ പാലക്കാട് ടൗണിൽ കടക്കേണ്ടെന്നും 8 കിലോമീറ്ററും ലാഭം കിട്ടുമെന്നും മനസ്സിലായി. രാത്രിയായതിനാലും ഹിന്ദി മാത്രമേ അറിയൂ എന്നതിനാലും ആരോടും വഴി ചോദിച്ചതുമില്ല. ചുരം കയറുന്നതിനു മുൻപ് ചെക്പോസ്റ്റുണ്ടെങ്കിലും അവിടെ ആരെയും കാണാത്തതിനാൽ മുന്നോട്ടു പോയി. ഓരോ വളവ് തിരിയുമ്പോഴും വഴി ചെറുതായി വരുന്നതായി തോന്നിയെങ്കിലും ചുരമായിരുന്നതിനാൽ തിരികെ പോകാനുള്ള പ്രയാസം കാരണം മുന്നോട്ടുതന്നെ നീങ്ങി. ഒടുവിൽ, 15 മണിക്കൂർ വഴിമുടക്കി 2 ട്രെയിലറുകളും ചുരത്തിൽ കുടുങ്ങി.
കുറുക്കുവഴി നല്ലതല്ല
കുറുക്കുവഴികൾ അന്വേഷിച്ച് ഗൂഗിൾ മാപ്പിൽ തിരയുന്നവരാണ് പലപ്പോഴും വെട്ടിലാകുന്നത്. കഴിഞ്ഞ മാസം സംസ്ഥാന പാത കുഴൽമന്ദത്തുനിന്ന് മലപ്പുറത്തേക്കു പോകേണ്ട ട്രക്ക്, കുറുക്കുവഴി അന്വേഷിച്ച് ഗൂഗിൾ മാപ്പിനെ സമീപിച്ചു. കോട്ടായി വഴി പോകാനായിരുന്നു നിർദേശം. രാത്രിയായതിനാൽ വഴി ചോദിച്ച് ഉറപ്പുവരുത്താനും ആരുമുണ്ടായിരുന്നില്ല. 5 വൈദ്യുതി തൂൺ, കമ്പികൾ, കേബിൾ, മരക്കൊമ്പുകൾ എന്നിവ ഇടിച്ചു തകർത്ത ശേഷമാണ് വഴി തെറ്റിയ കാര്യം മനസ്സിലാക്കുന്നത്.
വഴി തെറ്റിയതെങ്ങനെ ?
ഗൂഗിൾ മാപ് വഴി ‘വഴിതെറ്റുന്നവരിൽ’ കൂടുതലും ശരിയായി ഉപയോഗിക്കാത്തതു കാരണമാണെന്ന വിമർശനമുണ്ട്. വഴി, വാഹനം തുടങ്ങി യാത്രയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും കാര്യമായി എടുക്കാത്തതിനാലാണ് പലർക്കും അക്കിടി പറ്റുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇക്വേറ്റർ ജിയോ എന്ന സ്റ്റാർട്ടപ്പിന്റെ ഡയറക്ടർ ജെയ്സ് ജോസ് പറഞ്ഞു.
1. വാഹനം തിരഞ്ഞെടുക്കുമ്പോൾ
ഗൂഗിൾ മാപ്പിൽ വഴി തിരയുമ്പോൾ ഫോർ വീലർ, ടു വീലർ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെ സഞ്ചാര രീതി ഏതാണെന്നു തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പലരും ഇതു ശ്രദ്ധിക്കാറില്ല. ടു വീലർ പോകുന്ന വഴിയിൽ ഫോർ വീലർ പോകണമെന്നില്ല.
2. റീ റൂട്ട്/ റീ ഡയറക്ട്
വഴി തെറ്റിയാൽ റീ റൂട്ട് (റീ ഡയറക്ട്) എന്ന ഓപ്ഷൻ വഴി ഗൂഗിൾ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കും. അത് ചിലപ്പോൾ ദൂരം കൂടിയതോ നമ്മുടെ വാഹനം കടന്നുപോകാൻ സാധിക്കാത്തതോ ആയിരിക്കാം.
3. ടോൾ ഒഴിവാക്കാൻ
ടോൾ ഇല്ലാത്ത വഴികൾ തിരഞ്ഞെടുക്കാനും ഹൈവേ ഒഴിവാക്കി യാത്ര ചെയ്യാനുമൊക്കെ മാപ്പിൽ സംവിധാനമുണ്ട്. എന്നാൽ കുറുക്കുവഴി തിരഞ്ഞെടുക്കുമ്പോൾ അവ എത്രമാത്രം സഞ്ചാരയോഗ്യമാണെന്നു കൂടി നോക്കണം. മടങ്ങേണ്ടിവരുന്നതും വഴി തെറ്റി ഇടവഴികളിൽ കുടുങ്ങുന്നതും പതിവാണ്.
4. ആഡ് സ്റ്റോപ്
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ദീർഘദൂര യാത്രകൾ പോകുമ്പോൾ ആഡ് സ്റ്റോപ് എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാൽ ഒരു പരിധിവരെ വഴിതെറ്റുന്നത് ഒഴിവാക്കാം. ഉദാഹരണത്തിന് പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു മണ്ണാർക്കാടു വഴിയും ചെർപ്പുളശ്ശേരി വഴിയും പോകാം. ഏതുവഴി പോകണമെന്നു സംശയമുണ്ടാകാം. പക്ഷേ, പോകുന്ന വഴിയിൽ ഏതെങ്കിലും സ്ഥലം നമുക്കു പരിചയമുണ്ടാകാം (ഉദാഹരണം പെരിന്തൽമണ്ണ). അപ്പോൾ ആ സ്ഥലം ആഡ് സ്റ്റോപ് സംവിധാനം വച്ച് നമുക്ക് മാപ്പിൽ അടയാളപ്പെടുത്താം. ഇതിലൂടെ വഴി തെറ്റാനുള്ള സാധ്യത കുറയും.
5. സാങ്കേതിക പ്രശ്നങ്ങൾ
നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പിന്റേത്. എങ്കിലും ചിലപ്പോൾ സാങ്കേതികമായ പ്രശ്നങ്ങൾ മൂലം വഴികൾ തെറ്റിയേക്കാം. കോൺട്രിബ്യൂട്ട് എന്ന സംവിധാനത്തിലൂടെ നമ്മൾക്കും സ്ഥലങ്ങളും സ്ഥാപനങ്ങളും മറ്റും അടയാളപ്പെടുത്താം. ഇത് റിവ്യു ചെയ്തശേഷം മാത്രമേ മാപ്പിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു ഗൂഗിൾ തീരുമാനിക്കൂ. ഇന്റർനെറ്റിന്റെ തകരാറും വഴിയെ ബാധിച്ചേക്കാം.