പാതിവഴിയില്‍ നിലച്ച നീലകടമ്പ് എന്ന ചിത്രം മൂന്ന് പതിറ്റാണ്ടിന് ശേഷം പുനര്‍ജനിക്കുന്നു. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകനും നിര്‍മാതാവുമായ എസ്.എസ്. അംബികുമാര്‍. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായിരുന്നു.
കെ. ജയകുമാറിന്‍റെ തൂലികയില്‍ നിന്ന് പിറന്ന ഈ ഹിറ്റ് ഗാനത്തിന്‍റെ സൃഷ്ടിക്ക് പിന്നാലെയാണ് നീലകടമ്പ് നിലച്ചുപോയത്. ഇതൊരു സിനിമാഗാനമാണെന്നു പോലും പലര്‍ക്കുമറിയില്ല. ഈ പാട്ടടക്കം ഉള്‍പ്പെടുത്തി നീലകടമ്പ് വീണ്ടും ചിത്രീകരിക്കാന്‍ പോവുകയാണ് സംവിധായകന്‍ എസ്.എസ്. അംബികുമാര്‍. ചില മാറ്റങ്ങളോടെ.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രപരിസരമാണ് കഥാ പശ്ചാത്തലം. 1985ല്‍ മോനിഷയെ വച്ച് പാട്ടിന്‍റെ ഷൂട്ട് തുടങ്ങിയ ശേഷമാണ് തടസങ്ങള്‍ നേരിട്ടതും പിന്നീട് സിനിമ പാതിവഴിയില്‍ നിലച്ചതും. കാലമേറെ കഴിഞ്ഞെങ്കിലും ആ സിനിമ പുതിയ ഭാവങ്ങളോടെ തിരിച്ചെത്തിക്കാനുറച്ചാണ് എസ്.എസ്. അംബികുമാറിന്‍റെ നില്‍പ്പ്. ഭരതന്‍ ചിത്രങ്ങളില്‍ കലാസംവിധാനവും സ്റ്റില്‍ ഫോട്ടോഗ്രഫിയുമൊക്കെ ചെയ്ത ആത്മവിശ്വാസമാണ് അന്നും ഇന്നും കൈമുതല്‍. സിനിമ ഒന്നര വര്‍ഷത്തിനുള്ളില്‍ തീയറ്ററിലെത്തിക്കാനാകുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ.