kochi-rape-complaint

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്മാരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്ന വാര്‍ത്തയില്‍ ഇടപെട്ട് ഹൈക്കോടതി. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യു.പിക്കാരായ ദമ്പതികളാണ് പരാതിക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോ‍ട് ഹൈക്കോടതി വിശദീകരണം തേടി. 

യുപിക്കാരായ ദമ്പതികളുടെ മകളെയാണ് ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ട ഡല്‍ഹിക്കാരന്‍ അവിടെയെത്തിച്ച് പീഡിപ്പിച്ചത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ പ്രതിയെയും പെണ്‍കുട്ടിയെയും നാട്ടിലെത്തിച്ചപ്പോള്‍ പൊലീസ് കഥയാകെ മാറ്റി. പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ചുലക്ഷം രൂപ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് കിട്ടാതെ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ സ്വന്തം സഹോദരന്മാരെ കൂടി പീഡനക്കേസില്‍ പ്രതിചേര്‍ത്ത് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലാക്കി. അന്നുതൊട്ടിന്നു വരെ മക്കളെയാരെയും കാണാനും മാതാപിതാക്കളെ അനുവദിച്ചിട്ടില്ല.  

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരെയാണ് പരാതി. പച്ചാളത്ത് ചെരുപ്പുകച്ചവടം ചെയ്യുന്ന മാതാപിതാക്കളെക്കൊണ്ട് വിമാന ടിക്കറ്റ് അടക്കം എടുപ്പിച്ചാണ് പൊലീസ് ഡല്‍ഹിയില്‍ അന്വേഷണത്തിന് പോയതെന്നും പറയുന്നു. മലയാളം അറിയാത്ത മക്കളെക്കൊണ്ട് മനസിലാകാത്ത രേഖകളില്‍ ഒപ്പിടുവിച്ചാണ് കുടുക്കിയതെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ് 17 വയസുമുതല്‍ സഹോദരങ്ങള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുണ്ടെന്ന് പറയുന്നു.