നിര്‍ദിഷ്ട മുക്കം അഗസ്ത്യമുഴി കൈതപ്പൊയില്‍ പാലത്തിന്‍റെ അപ്രോച് റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നതായി പരാതി. ആര്‍ക്ക് വേണ്ടിയാണ് ഈ റോഡ് ഇങ്ങനെ നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് അഗസ്ത്യമുഴി കൈതപ്പൊയില്‍ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത്. ഇതിന് മുകളിലായി കരാറുകാരന്‍ വീണ്ടും സ്ലാബിട്ട് നിര്‍മാണപ്രവൃത്തി തുടരുകയാണ്. നല്ലൊരു മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഈ റോഡിന്് എത്രകാലം ആയുസുണ്ടാകുമെന്നാണ് ചോദ്യം. മാത്രമല്ല ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട റോഡ് നിര്‍മാണം കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
റോഡ് നിര്‍മാണം മൂലം തൊണ്ടിമ്മല്‍ അംഗനവാടിയിലേയ്ക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. അംഗനവാടിയിലേയ്ക്കുള്ള പ്രവേശന റോഡില്‍ കാലങ്ങളായി കരിങ്കല്ലും മണ്ണും ചെളിയും കൂട്ടിയിട്ടതിനാല്‍ കോവിഡ് കാലത്തിന് ശേഷവും തുറക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ഇതുപോലെ നിരവധി പരാതികളാണ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതിനോടകം ഉയര്‍ന്നുവന്നത്. എംഎല്‍എ ലിന്‍റോ ജോസഫും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.