elephants

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിനെ എല്ലാവരും അറിയും. എന്നാല്‍ മനം നിറയ്ക്കുന്ന കാഴ്ച്ചകള്‍ മാത്രമല്ല കാട്ടുമൃഗങ്ങളുമായി മല്ലടിക്കുന്ന സാധാരണക്കാരുടെ ദുരിതമുഖം കൂടിയുണ്ട് മൂന്നാറിന്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുകമാകുമ്പോള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമാണ്. പതിനാല് തവണ കാട്ടായുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പുണ്യവേലും കുടുംബവും അനുഭവം പറയുന്നു.

ചിന്നം വിളിച്ച് കലിയോടെ പാഞ്ഞെത്തി കാട്ടാന കൂട്ടം കട നശിപ്പിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം പ്രാണന്‍ കയ്യില്‍ പിടിച്ച് പുണ്യവേലും കുടുംബവും ഉണ്ടായിരുന്നു. പതിനാല് തവണയാണ് ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ പുണ്യവേലിന്റെ പലചരക്കുകട കാട്ടാന തകര്‍ത്തത്. 

രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും ഇവിടെയുള്ളവര്‍ക്കാകില്ല. കാട്ടാനയെ പേടിച്ചാണ് നൂറോളം കുടുംബങ്ങളുടെ ജീവിതം. ആനകളുടെ വരവ് തടയാന്‍ മതിലുകളോ വേലികളോ ഇല്ല. ഒറ്റപ്പെട്ട കാഴ്ച്ചയല്ലിത്. കാടിറങ്ങുന്ന മൃഗങ്ങളോട് പോരാടുന്ന മലയോരത്തെ മനുഷ്യര്‍ക്ക് ഇവരെപോലെ ഒട്ടേറെ അനുഭവങ്ങള്‍ പറയാനുണ്ട്.