നെയ്യാറിലെ സഫാരി പാര്‍ക്കില്‍ സിംഹമില്ലാതായതോടെ മറ്റ് മൃഗങ്ങളുടെ പാര്‍ക്കിനെയും സഞ്ചാരികള്‍ ഉപേക്ഷിക്കുന്നു. കേരളത്തിലെ ഏക മുതല പാര്‍ക്ക് ഇവിടെയുണ്ടായിട്ടും കാണാനെത്തുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ലോക്ഡൗണിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് ടിക്കറ്റ് വരുമാനം 70 ശതമാനം വരെ കുറഞ്ഞെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍.
നെയ്യാറിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാന ആകര്‍ഷം മുതല പാര്‍ക്കാണ്. മുതലകളെ അടുത്ത് കണ്ട് അറിയാനാവുന്ന കേരളത്തിലെ ഏക പാര്‍ക്കും നെയ്യാറിലേതാണ്.മൃഗശാല പോലെയല്ല, കാഴ്ചക്കാര്‍ക്ക് മുതലകളുടെ തൊട്ടടുത്ത് നില്‍ക്കാനാവുന്ന തരത്തിലാണ് കൂടുകള്‍. കണ്‍മുന്നില്‍ ചെറുതും വലുതുമായി ഇരുപതിലേറെ മുതലകള്‍. ഇങ്ങിനെ പ്രത്യേകതകള്‍ പലതുണ്ടായിട്ടും കാഴ്ചക്കാര്‍ കുറവാണ്. നെയ്യാറിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന സിംഹപാര്‍ക്കില്‍ സിംഹമില്ലാതായതോടെയാണ് സഞ്ചാരികള്‍ കുറഞ്ഞത്. അതോടെ മറ്റ് പാര്‍ക്കുകള്‍ക്കും കഷ്ടകാലമായി. ടിക്കറ്റ് വരുമാനം കുത്തനെ ഇടിഞ്ഞതോടെ മൃഗങ്ങളെ പരിപാലിക്കാനുള്ള തുക പോലും കടത്തിലാണ്. കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള വനംവകുപ്പ് പദ്ധതികളും നിലച്ചു.