നിര്‍ദിഷ്ട മുനമ്പം അഴീക്കോട് പാലത്തിന്റെ ഡിസൈന്‍ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മല്‍സ്യമേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയാണ് രൂപരേഖ തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. 

എറണാകുളം തൃശൂര്‍ ജില്ലകളിലെ തീരദേശങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മുനമ്പം അഴീക്കോട് പാലത്തിന്റെ രൂപരേഖ സംബന്ധിച്ചാണ് മത്സ്യമേഖലയിലുള്ളവരുടെ ആശങ്ക. കിഫ്ബി ഫണ്ടില്‍ നിന്ന് 140 കോടി രൂപ ചെലവഴിച്ചാണ് 900 മീറ്റര്‍ നീളവും 16.5 മീറ്റര്‍ വീതിയിലുമായി പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ഡിസൈന്‍ അംഗീകരിക്കുന്നതിന് മുന്‍പേ മത്സ്യമേഖലയിലുള്ളവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നാണ് ആവശ്യം.

 മുനമ്പം ജങ്കാര്‍ ജെട്ടിയില്‍ നിന്നും അഴീക്കോട് ജങ്കാര്‍ ജെട്ടി സ്ഥിതിചെയ്യുന്ന ഭാഗത്തേക്കാണ് പാലം നിര്‍മിക്കാന്‍ ഉദേശിക്കുന്നത്. പാലത്തിന്റെ രൂപരേഖ പ്രകാരം മധ്യഭാഗത്ത് 12 മീറ്റര്‍ ഉയരവും അപ്രോച്ച് ഭാഗത്ത് ഒന്‍പത് മീറ്റര്‍ ഉയരവുമാണെന്നാണ് മനസിലാക്കുന്നതെന്നും ഇത് അപ്രായോഗികമാണെന്നുമാണ് മത്സ്യമേഖലയിലുള്ളവരുടെ നിലപാട്. പാലത്തിനടിയിലൂടെ വലിയ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാകില്ല. ഇത് വഴി മുനമ്പം മത്സ്യമേഖലയുടെ പ്രവര്‍ത്തനം തടസപ്പെടുമെന്നാണ് ആശങ്ക.       

മുനമ്പം അഴിയുടെ അടിത്തട്ടിലെ അവസ്ഥ മനസിലാക്കാതെയും പ്രായോഗികമായ ചര്‍ച്ചകള്‍ നടത്താതെയുമാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.