monson-car

പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായതിനു പിന്നാലെ പരാതികളുമായി കൂടുതൽ പേർ രംഗത്ത്. പാലാ സ്വദേശി രാജീവ് എന്നയാളാണ് ഒന്നരക്കോടിയിലേറെ രൂപ ഇയാൾക്കു നൽകി തട്ടിപ്പിന് ഇരയായി എന്നു കാണിച്ച് പരാതി നൽകിയിരിക്കുന്നത്. നേരത്തേ ഇയാൾക്കെതിരെ പരാതി നൽകിയിരുന്ന പന്തളം ശ്രീവൽസം ഗ്രൂപ്പ് ഉടമയും രംഗത്ത് എത്തിയിട്ടുണ്ട്. 6.27 കോടി രൂപയുടെ തട്ടിപ്പിന് ഇരയായി എന്നു കാട്ടിയായിരുന്നു പരാതി.

പണം തിരിച്ചു കിട്ടാതെ വന്നതോടെ മോൻസണിന്റെ കാർ ശ്രീവൽസം ഗ്രൂപ്പ് പിടിച്ചെടുത്തിരുന്നു. ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതിയിൽ പൊലീസ് നടപടിയുണ്ടായില്ല എന്നു മാത്രമല്ല, ഇതിനെതിരെ പ്രതി ഡിജിപിക്ക് എതിർ പരാതി നൽകുകയും ചെയ്തു. ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയ മോൻസണിന്റെ പരാതിയിൽ അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ടും നൽകി.

ഇതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശികൾ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയതും ഇപ്പോൾ മോൻസണിന്റെ അറസ്റ്റിലേക്കു നയിച്ചതും. മോൻസണിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ തട്ടിപ്പു വ്യക്തമായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇയാളെ അറസ്റ്റു ചെയ്യാൻ നീക്കം നടത്തുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ വീണ്ടും പരാതിയെത്തുന്നത്.

ബ്രൂണെ സുൽത്താന് പുരാവസ്തു വിറ്റ വകയിൽ 67,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും അത് എച്ച്എസ്ബിസി ബാങ്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും നിയമ നടപടികൾക്കായി പണം നൽകിയാൽ ഉയർന്ന തുക തിരിച്ചു നൽകാം എന്നുമാണ് പാലാ സ്വദേശി രാജീവിനെ വിശ്വസിപ്പിച്ചത്. ശ്രീവൽസം ഗ്രൂപ്പിനെയും എച്ച്എസ്ബിസി ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാട്ടിയാണ് തുക തട്ടിച്ചത്. യുഎഇ രാജകുടുംബത്തിനു പുരാവസ്തു വിറ്റ വകയിൽ എത്തിയ പണമാണെന്നും ഫെമ നിയമപ്രകാരം ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. 

തുക വിട്ടുകിട്ടുന്നതിന് കോടതി നടപടികൾക്കും പിഴയടയ്ക്കാനും പണം നൽകണം എന്നായിരുന്നു ആവശ്യം. പിന്നീട് ബിസിനസ് ആവശ്യത്തിന് 100 കോടി നൽകാം എന്നായിരുന്നു വാഗ്ദാനം. ഇതു സംബന്ധിച്ച് ശ്രീവൽസം ഗ്രൂപ്പ് നൽകിയ പരാതിയിൽ തുടർ നടപടികൾ പൊലീസ് മുക്കി എന്നാണ് ആരോപണം. ഇതിന് പ്രതി ഉയർന്ന ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സ്വദേശികളായ ആറു പേരാണ് നിലവിൽ പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ഇയാളുടെ സിനിമാ, രാഷ്ട്രീയ, പൊലീസ് ഉന്നത ബന്ധങ്ങൾ കാണിച്ച് തട്ടിപ്പു നടത്തുകയും അത് ഒതുക്കുകയുമായിരുന്നു പതിവെന്ന് പരാതിക്കാർ പറയുന്നു.പ്രതി അറസ്റ്റിലായതോടെ ഇയാളുടെ ഉന്നത ബന്ധങ്ങളാണ് പുറത്തു വരുന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിരവധി സിനിമക്കാർക്കും മാധ്യമപ്രവർത്തർക്കും ഇയാളുമായുള്ള ബന്ധങ്ങളും പുറത്തുവരുന്നു.

ഇയാളുമായി ബന്ധമുണ്ടെന്നു കരുതുന്ന എല്ലാവരെയും കുറിച്ചുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ വിവാഹത്തിനിടെ മഫ്തിയിലെത്തിയ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. അടുത്ത ദിവസം ഇയാൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. പ്രതിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.