തിരുവനന്തപുരം ആക്കുളം ബൈപാസിലെ ചിത്രമതിലിലെ അനുബന്ധ കുറിപ്പിനെച്ചൊല്ലി വിവാദം. ആറ്റിങ്ങല്‍ കലാപത്തെ ആസ്പദമാക്കിയ ചിത്രത്തിന്അഞ്ചുതെങ്ങ് സമരം, പ്രതിരോധം എന്ന അടിക്കുറിപ്പ് നല്‍കിയതാണ് വിവാദമായത്. പേര് മാറ്റിയതിനെതിരെ ചില സംഘടനകള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അനുബന്ധക്കുറിപ്പ് മായ്ച്ചുകളഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ നാടിന്റെ ആദ്യ ചെറുത്തുനില്‍പ്പാണ് 1721 ലെ ആറ്റിങ്ങല്‍ കലാപം. അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് ആറ്റിങ്ങലിലെ ഉമയമ്മറാണിക്ക് സമ്മാനങ്ങളുമായെത്തിയ ബ്രിട്ടീഷ് സംഘത്തെ കര്‍ഷകര്‍ ഒത്തുചേര്‍ന്ന് നേരിടുന്നതാണ് പ്രതിപാദ്യം. കുരുമുളകിനും മറ്റ് ഉല്‍പന്നങ്ങള്‍ക്കും ഈസ്റ്റ് ഇന്ത്യ കമ്പനി അര്‍ഹിക്കുന്ന വില നല്‍കാത്തിലായിരുന്നു പ്രതിഷേധം.ഒന്‍പതിനായിരം ചതുരശ്ര അടി വിസ്തൃതിയുണ്ട് ചിത്രത്തിന് അനുബന്ധക്കുറിപ്പായി അഞ്ചുതെങ്ങ് സമരം, പ്രതിരോധം എന്ന തലവാചകത്തിലാണ് വിവരണ പാഠം നല്‍കിയത്. ഇതാണ് വിവാദമായത്.
ആറ്റിങ്ങല്‍ കലാപത്തിന്റെ മുന്നൂറാം വാര്‍ഷികം പ്രമാണിച്ചാണ് ചരിത്ര സംഭവം തന്നെ ചിത്രത്തിന് വിഷയമക്കിയത്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായ ആര്‍ട്ടീരിയ പദ്ധതിയുടെഭാഗമാണ് ഈ ചിത്രമതില്‍. ചരിത്രരേഖകളില്‍ ആറ്റിങ്ങല്‍ കലാപം എന്ന് വിശേഷിപ്പിച്ചിട്ടുള്ള സംഭവത്തിന്റെ പേര് മാറ്റുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങല്‍ ഹിസ്റ്ററി ലവേഴ്സ് അസോസിയേഷന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നല്‍കി. എന്തായാലു ഇപ്പോള്‍ വിവാദഭാഗം മായ്ച്ചുകളഞ്ഞിരിക്കുകയാണ്. എന്നാലും നേരത്തെ കുറിച്ചത് തെളിഞ്ഞുകാണാം.