സുരേഷ് ഗോപി ഉയർത്തിയ സല്യൂട്ട് വിവാദം അനാവശ്യമെന്ന് പൊലീസ്. എം.പി ,എം.എൽ.എ ,മേയർ തുടങ്ങിയ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യണമെന്ന് ചട്ടമില്ല. സംസ്ഥാനത്ത് സല്യൂട്ട് ചോദിച്ച് വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് പൊലീസ് സംഘടനകൾ.
മേയറും എം.പിയുമല്ല നിയമസഭ സ്പീക്കറാണങ്കിൽ പോലും കണ്ടാലുടൻ സല്യൂട്ട് ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. പരസ്പര ബഹുമാനമെന്ന നിലയിൽ സല്യൂട്ട് ചെയ്യുന്നതിൽ തെറ്റുമില്ല. പൊലീസ് ഉദ്യോഗസ്ഥർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന് കേരള 'പൊലീസ് ചട്ടത്തിലെ സ്റ്റാൻ്റിങ് ഓർഡറിൽ കൃത്യമായി പറയുന്നുണ്ട്. രാഷ്ട്രപതി ,ഉപരാഷ്ട്രപതി ,ഗവർണർ ,കേന്ദ്ര സംസ്ഥാന മന്ത്രിമാർ ,ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് ആദ്യ പരിഗണനയിൽ. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ ,ജില്ല മജിസ്ട്രേറ്റ് ,സെഷൻസ് ജഡ്ജി എന്നിവരെയും സല്യൂട്ട് ചെയ്യണം. കലക്ടർക്കും മറ്റ് സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സല്യൂട്ടിന് അർഹരാണ്. മൃതദേഹത്തെ ആദരിക്കണമെന്നും ചട്ടമുണ്ട്.
തൃശൂർ മേയർ പണ്ട് ആവശ്യപ്പെട്ടത് പോലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ റോഡിലൂടെ പോകുന്ന വിശിഷ്ട വ്യക്തകളെയെല്ലാം സല്യൂട്ട് ചെയ്യേണ്ടതില്ലന്ന് പ്രത്യേക ഉത്തരവുമുണ്ട്.ഡി.ജി.പിയായിരുന്ന ഹോർമിസ് തരകൻ 2004ൽ ഇറക്കിയ ഉത്തരവാണ് നിലനിൽക്കുന്നത്. ചട്ടങ്ങൾ ഇതാണങ്കിലും എം.പിമാർ അടക്കമുള്ള ജനപ്രതിനിധികളെ പൊലീസുകാർ സല്യൂട്ട് ചെയ്യാറുണ്ട്. ജനപ്രതിനിധികളോട് ആദരവ് കാട്ടണമെന്ന നിർദേശത്തിൻ്റെ ഭാഗമാണത്.
സർക്കാരിൻ്റെ പ്രോട്ടോക്കോൾ ലിസ്റ്റിൽ എം.പിയും ജനപ്രതിനിധികളുമെല്ലാമുണ്ട്. അത് ഉയർത്തിയാണ് സല്യൂട്ടിന് അവകാശമുണ്ടന്ന് പലരും തെറ്റിദ്ധരിക്കുന്നതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.