പെരിയാറിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണിലെ നഗരസഭയ്ക്ക് നൂറുവയസ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയായ ആലുവ നഗരസഭയാണ് ശതാബ്ദിആഘോഷിക്കുന്നത്. വ്യവസായ നഗരം എന്ന നഷ്ടപ്രതാപം ഒരുവശത്തും  മെട്രോ നഗരമെന്ന വികസനക്കുതിപ്പ് മറുവശത്തുമായാണ് ആലുവനഗരസഭ നൂറുവര്‍ഷം പിന്നിടുന്നത്. 

ജില്ലയിലെ ആദ്യ നഗരസഭകളിലൊന്നായ ആലുവയിൽ 1921 സെപ്റ്റംബർ 15നാണ്  ഖാന്‍ സാഹിബ് എം.കെ മക്കാര്‍പിള്ളയുടെ നേതൃത്വത്തില്‍ ആദ്യ ഭരണസമിതി ചുമതലയേറ്റത്.ആദ്യ ജനകീയ കൗണ്‍സില്‍ പിന്നയും 4 വര്‍ഷം കഴിഞ്ഞ് 1925 നാണ് വരുന്നത്. ആദ്യം കോട്ടയം ജില്ലയിലായിരുന്നു ആലുവ. 1894 ൽ നിലവിൽ വന്ന തിരുവനന്തപുരം, നാഗർകോവിൽ , കൊല്ലം, ആലപ്പുഴ, കോട്ടയം ടൗൺ ഇപ്രൂവ്മെൻ്റ് കമ്മറ്റികൾക്ക് ശേഷം തിരുവിതാംകൂറിൽ പെട്ട ആലുവയിൽ 1911 തന്നെ കമ്മറ്റി നിലവിൽ വന്നിരുന്നു.ഇതിന് തുടര്‍ച്ചയായാണ്  ആലുവയെ നഗരസഭയായി ഉയര്‍ത്തിയത്. 

 ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ തുടക്കമെന്നോണം ആദ്യത്തെ കൗൺസിൽ പ്രസിഡൻ്റ് മാൻ സാഹിബ് എം കെ ഖാദർ പിള്ളയുടെവീട്ടിൽ നഗരസഭാഗങ്ങളും കുടുംബാംഗങ്ങളും ഒത്തു ചേർന്നു.മില്ലുകളും വൻകിട വ്യവസായങ്ങളും റെയിൽവെ അടക്കമുള്ള ഗതാഗത സൗകര്യങ്ങളും ആലുവയെ വ്യവസായ നഗരമാക്കി. വിവിധ ഘട്ടത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ ഗതകാലപ്രൗഢി വച്ച് അളന്നാല്‍ ആലുവയ്ക്ക് കാര്യമായ വളര്‍ച്ചയുണ്ടാക്കാനായിട്ടില്ല.