guruvayoor-wedding

ഗുരുവായൂർ : ചിങ്ങമാസത്തിലെ ഏറ്റവുമധികം വിവാഹ മുഹൂർത്തമുള്ള ഇന്നലെ ക്ഷേത്രത്തിൽ 94 വിവാഹങ്ങൾ നടന്നു. രാവിലെ 10.30ന് കനത്ത മഴ പെയ്തതിനെ തുടർന്ന് വിവാഹത്തിന് കാത്തു നിന്ന വിവാഹ സംഘവും ഭക്തരും മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും നടപ്പുരയിലേക്കും തള്ളിക്കയറി. ഇതോടെ സുരക്ഷാ ജീവനക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ പാളി, തിക്കും തിരക്കുമായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു ശേഷം ഏറ്റവുമധികം തിരക്കുള്ള ദിവസമായിരുന്നു ഇന്നലെ.

 

6.42 ലക്ഷം രൂപയുടെ തുലാഭാരവും 3.29 ലക്ഷം രൂപയുടെ പാൽപായസവും 1.61 ലക്ഷം രൂപയുടെ നെയ്‌വിളക്ക് വഴിപാടും 74 വാഹനപൂജയും 160 ചോറൂണ് കിറ്റും അടക്കം 15 ലക്ഷത്തോളം രൂപയുടെ വഴിപാടുകൾ ഉണ്ടായി. നടവരമ്പ് ഉണ്ണി എന്ന ഭക്തന്റെ വകയായി വെള്ളി പൂജാമണിയും ശബരി ഗ്രൂപ്പിന്റെ വകയായി വെള്ളി കവരവിളക്കും പാലക്കാട് കാവശേരി എസ്ആർ ഗ്രൂപ്പിലെ രാധാകൃഷ്ണന്റെ വകയായി 7 അടിയോളം വലുപ്പമുള്ള 2 വലിയ ഓട്ടു നിലവിളക്കുകളും വഴിപാടായി ലഭിച്ചു. ദർശനത്തിനുള്ള തിരക്കു മൂലം സാധാരണ 1.30ന് അടയ്ക്കാറുള്ള ക്ഷേത്രം 2.15നാണ് അടച്ചത്. ക്ഷേത്രത്തിൽ ഇന്നു 21 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.