തിരുവനന്തപുരത്തെ ഏറ്റവും വലിയ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രമെന്ന പ്രഖ്യാപനത്തോടെ തറക്കല്ലിട്ട പുത്തരിക്കണ്ടം മൈതാനം ഇപ്പോള്‍ മാലിന്യകൂമ്പാരം. ഒന്നര വര്‍ഷം മുന്‍പ് തറക്കല്ലിട്ടതല്ലാതെ കോര്‍പ്പറേഷന്‍ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. നിര്‍മിക്കാനുള്ള പണമുണ്ടെങ്കിലും കൃത്യമായ മേല്‍നോട്ടമില്ലാത്തതാണ് പാര്‍ക്കിങ് കേന്ദ്രത്തിന് തിരിച്ചടിയായത്.
കിഴക്കേകോട്ടയില്‍ ഒരു പാര്‍ക്കിങ് കേന്ദ്രം വളരെ അത്യാവശ്യമായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലും ചാലാ മാര്‍ക്കറ്റിലും അട്ടക്കുളങ്ങരയിലും തുടങ്ങി വിവിധയിടങ്ങളിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായേനെ. അതിനാണ് 210 കാറും 240 ബൈക്കും പാര്‍ക്ക് ചെയ്യാവുന്ന ആറ് നില പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്.
എന്തുകൊണ്ടാണ് പണി നടക്കാത്തതെന്ന് ചോദിച്ചാല്‍ കോവിഡിനെയാണ് കോര്‍പ്പറേഷന്‍ കുറ്റപ്പെടുത്തുക. ഒരു പരിധി വരെ അത് ഒരു പ്രതിസന്ധിയാണങ്കിലും യഥാര്‍ത്ഥ കാരണം അതുമാത്രമല്ല. 12 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചത്. പക്ഷെ എസ്റ്റിമേറ്റ് തയാറാക്കിയതോടെ 14.86 കോടി രൂപ വേണമെന്നായി. ഈ അധികതുക എങ്ങിനെ കണ്ടെത്തുമെന്നതില്‍ ഒരു തീരുമാനം ഇതുവരെയായിട്ടില്ല. പണം ലാഭിക്കാനായി ടൂ വീലറുകള്‍ക്ക് ഇടമില്ലാത്ത പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചാലോയെന്ന ഗവേഷണത്തിലാണ് മാസങ്ങളായി കോര്‍പ്പറേഷന്‍.