പൊന്നാനി: തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര. മീൻപിടിത്തത്തിനിറങ്ങിയവർക്കെല്ലാം വല നിറയെ ചെമ്മീൻ. അയല ചെമ്പാനും അയലയും മാന്തളും ആവശ്യത്തിന് കിട്ടുന്നുണ്ട്. ചാകരയോളം കോളില്ലെങ്കിലും നഷ്ടമില്ലാതെ പണിയെടുക്കാനുള്ള വക കിട്ടുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇന്നലെ രാവിലെ മുതൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ചെമ്മീനിന്റെ വരവായിരുന്നു. കൊട്ടക്കണക്കിന് ചെമ്മീൻ ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ചു. രാവിലെ കിലോഗ്രാമിന് 100 രൂപയിൽ തുടങ്ങി 80 രൂപയിൽ വരെ ചെമ്മീൻ വിൽപന നടന്നു. അയലയും മാന്തളും തുടക്കം മുതൽ ഒടുക്കം വരെ 100 രൂപയിൽ നിന്നു. ദിവസങ്ങളായി ഇതേ വിലയിലാണ് ഹാർബറിലെ മൊത്തക്കച്ചവടം നടക്കുന്നത്.
ആവോലിയുടെ വില അൽപം താഴ്ന്നിട്ടുണ്ട്. 300 രൂപയാണ് കിലോഗ്രാമിന് വില. അയക്കൂറ നാനൂറിൽ ഉറച്ചു നിൽക്കുകയാണ്. അയല ചെമ്പാനും കാര്യമായി കിട്ടുന്നുണ്ട്. അയല ചെമ്പാൻ 50 രൂപ നിരക്കിൽ വരെ വിൽപന നടക്കുന്നുണ്ട്. ലോക്ഡൗണും കടലാക്രമണവും കാലവർഷക്കെടുതികളും കടുത്ത വറുതിയിലാക്കി തീരദേശത്തിന് അൽപം ഉണർവ് വന്നിരിക്കുകയാണ് ഇപ്പോൾ.