ksrtcdepo

ഡിപ്പോ നവീകരണത്തിലുൾപ്പെടെ പ്രീ-ഫാബ്രിക്കേഷൻ നിർമാണരീതി പിന്തുടരാനൊരുങ്ങി കെഎസ്ആർടിസി. ഈ രീതിയിൽ സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന കോട്ടയം ബസ് ടെർമിനൽ ജനുവരിയിൽ പൂർത്തിയാക്കും. ഡിപ്പോ നവീകരണത്തിന് കേരള ബാങ്ക് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. 

അക്ഷരനഗരിയുടെ ദുശകുനമായിരുന്നു  കെഎസ്ആർടിസി ഡിപ്പോ. രാഷ്ട്രീയ വടംവലിയിൽ വികസനം നിലച്ച ഡിപ്പോ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവനുതന്നെ ഭീഷണിയായി മാറി. മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ജൂണിൽ മന്ത്രി ആൻ്റണി രാജു ഡിപ്പോ നവീകരണം ഉടൻ ആരംഭിക്കുമെന്ന്  വ്യക്തമാക്കി. ഇത് പ്രകാരം ജോലികൾ പുരോഗമിക്കുകയാണ്. മൂന്ന് നിലയിലിള്ള ബസ് ടെർമിനലാണ് പ്രീ ഫാബ്രിക്കേഷൻ രീതിയിൽ നിർമിക്കുന്നത്. ഇതിനായി പഴയ കെട്ടിടം രണ്ടാഴ്ച്ചയ്ക്കുള്ളിൽ പൊളിച്ചു നീക്കും. 

ആദ്യഘട്ട നിർമ്മാണങ്ങൾക്കായി രണ്ടുകോടി രൂപ നിലവിൽ അനുവദിച്ചിട്ടുണ്ട്. തുടർന്നുള്ള വികസനത്തിനാവശ്യമായ തുകയാണ് കേരള ബാങ്ക് നൽകുക. മന്ത്രിമാരായ ആൻ്റണി രാജുവും വി. എൻ. വാസവനും നിർമാണ പുരോഗതി വിലയിരുത്തി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഡിപ്പോയിലെ പെട്രോൾ പമ്പും സജ്ജമാക്കും.