ഓണക്കാലം തിരുവനന്തപുരത്തെ പൊന്‍മുടിക്ക് സമ്മാനിച്ചത് പുത്തന്‍ ഉണര്‍വ്. ഓണദിവസങ്ങളില്‍ കാല്‍ലക്ഷത്തോളം പേരാണ് പൊന്‍മുടി കാണാനെത്തിയത്. അഞ്ച് ദിവസം കൊണ്ട് എട്ടര ലക്ഷത്തിലേറെ രൂപ ടൂറിസം വകുപ്പിന് വരുമാനവും ലഭിച്ചു. ആളനക്കമില്ലാതെ നാളുകളോളം അടഞ്ഞ് കിടന്ന പൊന്‍മുടി പച്ചപ്പ് കൂടി കൂടുതല്‍ സുന്ദരിയാണ്. നേര്‍ത്ത മഴയും ചെറിയ കാറ്റും കോട മഞ്ഞുമെല്ലാം പിന്നെയും പിന്നെയും അഴകേറ്റുന്നുമുണ്ട്. ആ കുളിര്‍മയിലായിരുന്നു ഇത്തവണ തിരുവനന്തപുരത്തിന്റെ ഓണാഘോഷം.
ഓണദിവസങ്ങളില്‍ പൊന്‍മുടിയിലുണ്ടായ തിരക്ക് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ക്കിങിന് പോലും ഇടമില്ലാതെ സഞ്ചാരികള്‍ കുന്ന് കയറിയെത്തി. കോവിഡ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയ ദിവസങ്ങളായിരുന്നു ഇത്. ഉത്രാടം മുതല്‍ ചതയം വരെയുള്ള അഞ്ച് ദിവസങ്ങളില്‍ പൊന്‍മുടി ആസ്വദിച്ചത് ഇരുപത്തിരണ്ടായിരത്തോളം പേരാണ്. ടിക്കറ്റിലൂടെ മാത്രം കെ.റ്റി.ഡി.സിക്ക് 852160 രൂപ വരുമാനവും.
നീണ്ടകാലത്തിന് ശേഷം 9നാണ് പൊന്‍മുടി തുറന്നത്. അതിന് ശേഷം ഇതുവരെ മുപ്പത്തിരണ്ടായിരം സഞ്ചാരികളെത്തി. വരുമാനം 12 ലക്ഷം പിന്നിട്ടു. ഈ ദിവസങ്ങളിലെത്തിയവരില്‍ മഹാഭൂരിപക്ഷവും തിരുവനന്തപുരം ജില്ലക്കാരാണ്. കോവിഡ് കാലത്തെ ദീര്‍ഘദൂര യാത്രകള്‍ ഉപേക്ഷിച്ച് തിരുവനന്തപുരത്തുകാര്‍ പൊന്‍മുടിക്കൊപ്പമാക്കിയെന്ന് ചുരുക്കം.