ഇടുക്കി മൂലമറ്റം വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റക്കുറ്റപണികൾക്ക് തുടക്കമായി. ആറ് ജനറേറ്ററുകളിൽ ഒന്നാം ജനറേറ്ററിൻ്റെ പണികളാണ് ആദ്യം ചെയ്യുന്നത്. ഡിസി ബാറ്ററിയിലെ തകരാറിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് മൂലമറ്റത്തെ ആറു ജനറേറ്ററുകൾ പ്രവർത്തന രഹിതമായത്.
ജൂണ്‍- ജൂലൈ മാസങ്ങളിലാണ് മൂലമറ്റത്തെ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റക്കുറ്റപണികൾ നടത്തുന്നത്. എന്നാൽ ഇത്തവണ അതിത്രീവ മഴയ്ക്കുള്ള മുന്നറിയിപ്പ് വന്നതോടെ അത് നടന്നില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആറ് ജനറേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചു. ബാറ്ററി മാറ്റിവയ്ക്കുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവ് ജനേറേറ്ററുകൾ കൂട്ടത്തോടെ നിലയക്കാനും കാരണമായി. പ്രശ്നം ഉടനടി പരിഹരിച്ചതുകൊണ്ടാണ് കടുത്ത വൈദ്യുത പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനം രക്ഷപ്പെട്ടത്. ഇതോടെ അറ്റക്കുറ്റപണി അടിയന്തരമായി നടത്താൻ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. മഴ കുറഞ്ഞതും അനുഗ്രഹമായി. ഒന്നാം നന്പര്‍ ജനറേറ്ററിന്റെ പണികളാണ് ആദ്യം. ഒരു മാസം നീണ്ട് നിൽക്കുന്ന പണികൾക്ക് ശേഷം മറ്റ് ജനറേറ്ററുകളുടെ പണികൾ നടത്തും. ജനേറ്ററുകളുടെ നവീകരണത്തിനുള്ള നടപടികളും ഉടൻ തുടങ്ങും. അറ്റക്കുറ്റപണി തുടങ്ങിയതിനാൽ വൈദ്യുത ഉൽപാദനം കുറച്ചിട്ടുണ്ട്. 9 ദശക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ദിവസേന ഉൽപ്പാദിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുന്പിത് 15 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു.