വയനാടൻ തേയിലയുടെ ചരിത്രം പറയുന്ന പൊഴുതനയിലെ ടീ മ്യൂസിയം സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തു. നവീകരണ പ്രവർത്തികൾ പൂർത്തികരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ പ്രിയങ്ക ഐഎഎസ് നിർവഹിച്ചു. ബ്രിട്ടീഷുകാരുടെ കാലം മുതൽ വയനാട്ടിലെ തേയില വ്യവസായ മേഖലയിലുണ്ടായ സംഭവങ്ങളുടെ വിവരണങ്ങളും ഉപകാരണങ്ങളുമാണ് മ്യൂസിയത്തിലുള്ളത്.
വയനാടൻ തേയിലയുടെ ചരിത്രം ആധുനിക വയനാടിന്റെ തന്നെ ചരിത്രമാണ്. ബ്രിട്ടീഷുകാരാണ് വയനാട്ടിൽ തേയില കൃഷിക്ക് തുടക്കമിടുന്നത്. 1910 കാലഘട്ടം മുതൽ വ്യാവസായിക അടിസ്ഥാനത്തിൽ വയനാട്ടിൽ തേയില കൃഷി ആരംഭിച്ചിരുന്നു. 1914ൽ ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് പ്രവർത്തനം തുടങ്ങി. അതുമുതൽ തേയില കൃഷിയിലുണ്ടായ നാൾവഴികൾ എല്ലാം പൊഴുതനയിലെ ടീ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനികയന്ത്രങ്ങളുടെ വരവിന് മുൻപ് തേയില പൊടിച്ചിരുന്ന ഉപകരണങ്ങൾ മ്യൂസിയത്തിൽ കാണാം.
1958ലെ പ്രളയത്തിന്റെ ഉൾപ്പെടെ അപൂർവം ചിത്രങ്ങളും ഇവിടെയുണ്ട്. തേയില തോട്ടത്തിൽ മരുന്ന് തളിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന അപൂർവം ഉപകരണവും മ്യൂസിയം ശേഖരത്തിലുണ്ട്. ചരിത്ര വിദ്യാർഥികൾക്ക് വിശദമായ പഠനം നടത്താൻ സാധിക്കുന്ന രീതിയിലാണ് പോഴുതനയിലെ ടീ മ്യൂസിയം നവീകരിച്ചിട്ടുള്ളത്