ചെങ്കല്‍ ക്വാറികളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കല്ലുവെട്ടു യന്ത്രങ്ങളും ഇന്ധനവും നശിപ്പിച്ചതായി പരാതി. കണ്ണൂര്‍ ചാലോട് വെള്ളപ്പറമ്പിലെ ക്വാറിയിലാണ് സംഭവം. അനുമതിയില്ലാതെയാണ് ഖനനമെന്നും യന്ത്രോപകരണങ്ങള്‍ കണ്ടുകെട്ടുക മാത്രമാണ് ചെയ്തതെന്നും തലശേരി സബ് കലക്ടര്‍ അറിയിച്ചു.
ചാലോട് വെള്ളപറമ്പിലെ ചെങ്കല്‍ ക്വാറിയില്‍ രാവിലെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. തലശേരി സബ് കലക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തിലെത്തിയ സംഘം കല്ലു വെട്ടുയന്ത്രങ്ങളടക്കം നശിപ്പിച്ചെന്നാണ് ആരോപണം. യന്ത്രങ്ങളുടെ ടാങ്ക് തകര്‍ത്ത് ഡീസല്‍ ഒഴുക്കിക്കളഞ്ഞു.
വായ്പയെടുത്താണ് ചെങ്കല്‍ ക്വാറി തുടങ്ങിയതെന്ന് ഭൂവുടമ പറഞ്ഞു. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. യന്ത്രോപകരണങ്ങള്‍ നശിപ്പിച്ചതിലൂടെ നൂറോളം തൊഴിലാളികളുടെ ജീവനോപാധികള്‍ ഇല്ലാതാക്കി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ക്വാറി നടത്തിപ്പുകാര്‍ പറയുന്നു. യന്ത്രോപകരണങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും ലോറികളും ജെസിബിയും പത്തു കല്ലുവെട്ടുയന്ത്രങ്ങളും പിടിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നും സബ് കലക്ടര്‍ അറിയിച്ചു.