അവയവദാന ദിനത്തില്‍ ഹൃദയദാനത്തിനായി കേരളത്തില്‍ കാത്തിരിക്കുന്നത് അന്‍പതിലേറെ പേര്. പുനര്ജന്മം കാത്തിരിക്കുന്ന കേരളസര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പ്രതീക്ഷയര്പ്പിച്ചിരിക്കുന്നവരാണ് ഇവരിലേറെയും. മസ്തിഷ്കമരണം സംഭവിച്ച ഉറ്റവരുടെ അവയവദാനത്തിന് സന്നദ്ധരായെത്തുന്നവര് തീരെകുറഞ്ഞതോടെയാണ് മൃതസഞ്ജീവനി പദ്ധതി പ്രതിസന്ധിയിലായത്.
പറവൂര്‍ കൊച്ചിക്കാരന്‍പറമ്പില്‍ സുകുമാരന്റെ ഉറ്റവരെ ഈ ദിനത്തില്‍ പൂവിട്ടു തന്നെ പൂജിക്കണം . കേരളത്തില്‍ ആദ്യമായി മരണാനന്തര ഹൃദയദാനം നടത്തിയയാള്‍ സുകുമാരനാണ് . തീരാവേദനയിലും ആ തീരുമാനമെടുത്തവര്‍ ഇവരും . 2003 മേയ് 13ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്ന കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ. ആലപ്പുഴ സ്വദേശി എബ്രഹാമെന്ന കര്‍ഷകനാണ് വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം സ്വീകരിച്ചത്. അവയവദാനത്തെകുറിച്ച് ഏറെ ചര്‍ച്ചകള്‍ പോലും നടക്കാതിരുന്ന ആ കാലത്ത് സുകുമാരന്റെ കുടുംബമെടുത്ത തീരുമാനം എബ്രഹാമിന്റെ ആയുസ് രണ്ട് വര്‍ഷം കൂടി നീട്ടികൊടുത്തു.
എബ്രഹാമിന്റെ മരണശേഷമാണ് സുകുമാരന്റെ മരണാനന്തര ചടങ്ങുകള്‍ പോലും കുടുംബം നടത്തിയത്. അകാലത്തില്‍ പൊലിഞ്ഞ സുകുമാരന്റെ ഹൃദയം മറ്റൊരാളില്‍ തുടിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു ആ കാലമത്രയും ഭാര്യ പത്മിനിയും മൂന്ന് മക്കളും കഴിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മരണാനന്തര അവയവദാനമെന്ന് േകള്‍ക്കുമ്പോള്‍ സംശയദൃഷ്ടിയോടെ പുറംതിരിയുന്ന സമൂഹമായി കേരളം മാറികഴിഞ്ഞിരിക്കുന്നു. കൃത്യമായ ബോധവത്കരണത്തോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.
മസ്തിഷ്കമരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവന് രക്ഷിക്കാനാകും. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുത്താല്‍ ഒരുപാട് പേരെ ജീവിത്തിലേക്ക് തിരിച്ചുനടത്താം.