ഇളവുകൾക്ക് പിന്നാലെ കോട്ടയത്തെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ പ്രവാഹം. പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടവും സജീവമായി. ഇക്കോ ടുറിസം കേന്ദ്രത്തിൽ സൗകര്യങ്ങൾ അപര്യാപ്തമെന്നും പരാതി. നൂറടിയിലേറെ ഉയരത്തിൽ നിന്ന് തുള്ളിയമർന്നിറങ്ങുന്ന വെള്ളച്ചാട്ടമാണ് അരുവിക്കുഴിയുടെ അഴക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം. റബര്‍ തോട്ടങ്ങളെ വകഞ്ഞുമാറ്റി മഴക്കാലത്ത് അരുവിക്കുഴി സജീവമാകും.
കോട്ടയം നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് അരുവിക്കുഴി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങളില്‍ ഇളവു വരികയും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്തതാണ് അരുവിക്കുഴിക്ക് ഗുണമായത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സൗന്ദര്യവല്‍ക്കരണവും നടപ്പാക്കിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് താഴെ വരെ എത്താവുന്ന പടികള്‍, ഇരിപ്പിടങ്ങള്‍, കോണ്‍ക്രീറ്റ് ഹട്ടുകള്‍, വെള്ളച്ചാട്ടത്തിന് താഴെ തോടിന് കുറുകെ പാലം തുടങ്ങിയ സൗകര്യങ്ങളും സജ്ജം.
തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും സന്ദര്‍ശകര്‍ക്കായി ശുചിമുറിയുടെ അഭാവവും ന്യൂനതയായി തുടരുന്നു. ഫുഡ് കോര്‍ട്ട് ഒരുക്കാനുള്ള പദ്ധതി വര്‍ഷങ്ങള്‍ക്ക് ശേഷവും യാഥാര്‍ത്ഥ്യമായില്ല. ഈ പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചാല്‍ വരും നാളുകളില്‍ ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി അരുവികുഴി മാറും