രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. പങ്കാളിയുടെ അനുമതിയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്‍റെ കാരണമായി കണക്കാക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തിനിയമങ്ങള്‍ക്ക് പകരം വിവാഹത്തിനും വിവാഹ മോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തികള്‍ക്ക് അവരുടെ മതവിശ്വാസം അനുസരിച്ച് വിവാഹം നടത്താം. എന്നാല്‍ അതിനു പുറമേ എല്ലാവരും നിര്‍ബന്ധമായും ഇത്തരം ഏകീകൃത നിയമപ്രകാരവും വിവാഹം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവാഹവും വിവാഹമോചനവും എല്ലാം ഈ ഏകീകൃത നിയമം അനുസരിച്ച് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനം ശരിവച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. പങ്കാളിയുടെ അനുമതിയില്ലാതെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനം അനുവദിക്കാവുന്ന കാരണമാണെന്നും കോടതി വ്യക്തമാക്കി.
ഇത്തരം വൈവാഹിക പീഡനങ്ങള്‍ ഒരാളുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും മുകളിലുള്ള അതിക്രമമാണ്. ഇത്തരം കേസുകളില്‍ വിവാഹമോചനം നിഷേധിച്ച് ദുരിതം അനുഭവിക്കണമെന്ന് പറയാന്‍ കോടതികള്‍ക്കാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് വിവാഹനിയമങ്ങള്‍ സംബന്ധിച്ച ശ്രദ്ധേയ ഉത്തരവ്.