higwaywb

കോഴിക്കോട് രാമനാട്ടുകര–വെങ്ങളം ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മുന്നോടിയായി ഇരുവശവുമുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തികള്‍ തുടങ്ങി. നിര്‍മ്മാണ പ്രവൃത്തി ഒരുക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കരാര്‍ കമ്പനി ഇന്ന് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് മാനേജര്‍ക്ക് സമര്‍പ്പിക്കും. 

2018 ലാണ് വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയാക്കാന്‍ കരാര്‍ ഒപ്പിട്ടത്. കരാറെടുത്ത കമ്പനി പ്രവൃത്തി അനന്തമായി നീട്ടുന്നതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ മാസം അവസാനത്തോടെ നിര്‍മാണം തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി റോഡിന് ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചു തുടങ്ങി. മൂവായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

എം.കെ രാഘവന്‍ എം.പി യും കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിയുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. എം.പി യുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി കരാര്‍കമ്പനിയെ വിളിക്കുകയും ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി.സി യെ നേരത്തെ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അവര്‍ക്ക് തന്നെയാണ് കരാര്‍ നല്‍കിയിരിക്കുന്നത്.