malinyamviswan

ആധുനിക മാലിന്യസംസ്കരണ പ്ളാന്റുകളുടെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് കരാര്‍ നല്‍കിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മകളുെടയും മരുമകന്റെയും കമ്പനിയായ സോണ്ട ഇന്‍ഫ്ര ടെക്ക് എന്ന കമ്പനിക്ക് കെ.എസ്.െഎ.ഡി.സിയുമായുള്ള കരാറില്‍ സര്‍ക്കാര്‍ ഒത്താശചെയ്തുവെന്നാണ് ആരോപണം. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകളുടെ നിര്‍മാണത്തിനും അതിന് മുന്നോടിയായി അവിടങ്ങളില്‍ നടത്തുന്ന ശാസ്ത്രീയ സംസ്കരണപ്രവര്‍ത്തികള്‍ക്കുമാണ് കെ.എസ്.െഎ.ഡി.സി ടെന്‍ഡര്‍ ക്ഷണിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗീകരിച്ച ബയോമൈനിങ് എന്ന മാലിന്യ സംസ്കരണ പ്രവൃത്തി ചെയ്ത് പരിചയമുള്ള കമ്പനികളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചതെങ്കിലും യോഗ്യതയില്ലാത്ത സോണ്ട ഇന്‍ഫ്ര ടെക്കിന് കരാര്‍ നല്‍കിയെന്നാണ് ടോണി ചമ്മണിയുടെ ആരോപണം. കോഴിക്കോട്ടും കൊല്ലത്തും കൊച്ചിയിലും നല്‍കിയ കരാറുകള്‍ നിയമവിരുദ്ധമാണെന്നും ടോണി ചമ്മണി ആരോപിച്ചു.

തിരുനെല്‍വേലി നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവൃത്തിയുടെ തെറ്റായ രേഖ കാണിച്ച് സോണ്ട ഇന്‍ഫ്ര ടെക്ക് കൊച്ചി ബ്രഹ്മപുരത്തെ കരാര്‍ നേടിയെടുത്തു. അമ്പത്തിനാല് കോടി രൂപ ക്വോട്ട് ചെയ്ത് കരാര്‍ സ്വന്തമാക്കിയ കമ്പനി ഇപ്പോള്‌‍ 70 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണെന്നും ടോണി ചമ്മണി ആരോപിച്ചു. ബെംഗളൂരു നഗരസഭയില്‍ വേസ്റ്റ് ബിന്‍ വിതരണം നടത്തിയ പദ്ധതിയിലെ അഴിമതിക്കും സോണ്ട ഇന്‍ഫ്ര ടെക്ക് ആരോപണം നേരിടുന്നുണ്ട്. നെതര്‍ലെന്‍ഡ്സില്‍ 2019ല്‍ മുഖ്യമന്ത്രി നടത്തിയ ഒൗദ്യോഗിക കൂടിക്കാഴ്ചകളില്‍ സോണ്ട ഇന്‍ഫ്ര ടെക്കിന്റെ അസോസിയേറ്റായ സോണ്ട ഗ്ളോബല്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ടത് സംശയാസ്പദമാണെന്നും ചിത്രങ്ങള്‍ സഹിതം ടോണി ചമ്മണി ആരോപിച്ചു.