തിരുവനന്തപുരത്ത് എം.എല്‍.എമാര്‍ക്കുള്ള  പുതിയ ഹോസ്റ്റല്‍ കോംപ്ലക്സ് നിര്‍മാണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ  അനുമതി . പാളയത്ത് പതിമൂന്ന് നിലകളുള്ള  ഉയര്‍ന്ന  മന്ദിരത്തിന്‍റെ  നിര്‍മാണത്തിനാണ് വ്യോമയാന വിഭാഗത്തിന്‍റെ  ക്ലിയറന്‍സ് ലഭിച്ചത് . പാളയത്തെ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതാണ് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ ആലോചനയിലുള്ളത്. 

അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള എം.എല്‍.എ ഹോസ്റ്റലിലെ പമ്പ ബ്ലോക്കില്‍ അസൗകര്യങ്ങള്‍ ഏറെയാണ്. ഇടുങ്ങിയതും  പഴക്കവുമുള്ള മുറികളിലെ താമസം ബുദ്ധിമുട്ടാണ്. പമ്പ ബ്ലോക്ക് നവീകരിക്കുകയോ പൊളിച്ച് പുതിയത് പണിയുകയോ ചെയ്യുക എന്ന രണ്ട് നിര്‍ദേശങ്ങളാണ് നിയമസഭാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നത്. പുതിയ പണിയുന്നതാണ് ഗുണകരമെന്ന് വിലയിരുത്തലിലാണ് പതിമൂന്ന് നിലയുള്ള ഫ്ലാറ്റ് സമുച്ചയമെന്ന ആശയം വന്നത്. വിമാനങ്ങള്‍ പറക്കുന്ന തന്ത്രപ്രധാനമേഖയലില്‍ ഉയര്‍ന്ന് കെട്ടിടത്തിന് വ്യോമയാനവിഭാഗത്തിന്‍റെ ക്ലിയറന്‍സ് ആദ്യം  ലഭിച്ചിരുന്നില്ല. പിന്നീട് പതുക്കി സമര്‍പ്പിച്ച രൂപരേഖയക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കുകയായിരന്നു. താഴെ രണ്ടു നില വാഹനപാര്‍ക്കിങ്ങും പതിനൊന്ന് നില ഫ്ലാറ്റുകളും ഉള്‍പ്പടെയാണ് 13 നിലകള്‍. 65 ഫ്ലാറ്റുകളാണ് പുതിയ മന്ദിരത്തില്‍ ഉണ്ടാവുക. പമ്പ ബ്ലോക്ക് പൊളിക്കുമ്പോള്‍ എം.എല്‍.എമാര്‍ക്ക് പുറത്ത് സ്വകാര്യ ഫ്ലാറ്റുകളില്‍ താമസൗകര്യം ഒരുക്കും.

പാളയത്ത് നിയമസഭയ്ക്ക് സമീപത്തും തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനു സമീപത്തുമാണ് താല്ക്കാലിക താമസ സൗകര്യത്തിന് ഫ്ലാറ്റുകള്‍ നോക്കുന്നത്. നിലവിലെ പമ്പ ബ്ലോക്ക് അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തണമെന്ന് നിര്‍ദേശം നിയമഭസെക്രട്ടറിയേറ്റ് പൂര്‍ണമായും  ഉപേക്ഷിച്ചിട്ടില്ല. അന്തിമതീരുമാനം എടുക്കുക എം.എല്‍.എ മാരുമായുള്ള കൂടിയാലോചനക്ക് ശേഷമാവും.