സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നതിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഴയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് കുത്തിപ്പൊക്കി ചർച്ചയാക്കുന്നത്. സർക്കാർ പദ്ധതിയായ കേരള ചിക്കനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിലാണ് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള കമന്റുകൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2018 ഡിസംബർ 30–ന് മുഖ്യമന്ത്രി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായെന്നാണ് അതിൽ പറയുന്നത്. വർഷം മുഴുവൻ കോഴി കിലോക്ക് 90 രൂപ നിരക്കിൽ ലഭ്യമാകുമെന്നും കോഴിയിറച്ചി 140 മുതല്‍ 150 രൂപ വരെ നിരക്കില്‍ ലഭ്യമാക്കുമെന്നുമാണ് പദ്ധതിയിൽ പറയുന്നത്. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. 240 രൂപയാണ് ഇന്ന് കോഴിക്കോട് നഗരത്തില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില.
'5 കിലോ വീട്ടിൽ കൊടുത്തേക്ക്'..'കോഴിമുട്ടക്ക് വില കൂടിയത് കൊണ്ട് കോഴിഇറച്ചിക്കും വില കൂടി ആരും അനാവശ്യമായി വിവാദം ഉണ്ടാക്കരുത്'...'50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോളും അടിച്ച് ബൈക്കുമായിട്ടൊരു പോക്ക്'...90 രൂപയ്ക്ക് നൈസായി രണ്ട് കിലോ കോഴിയും വാങ്ങിയിങ്ങ് പോരാം... ഏങ്ങനുണ്ട്, '70രൂപക്ക് മുമ്പ് ഉൽഘടനം കഴിഞ്ഞിരുന്നല്ലോ ആ പാക്കേജ് കഴിഞ്ഞോ ഈ ഓഫർ എത്ര നാൾ ഉണ്ടാവും.' ഇങ്ങനെ നീളുന്നു കമന്റുകൾ.