bishop

പാവപ്പെട്ടവരെ കരുതാനും അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനു‌മുളള ദൗത്യം തുടരുമെന്ന് മാര്‍ത്തോമ്മാ സഭയുടെ നിയുക്ത സഫ്രഗന്‍‌ മെത്രാപ്പൊലീത്ത ഡോക്ടര്‍ യുയാക്കിം മാർ കൂറിലോസ്. സഭ ഏല്‍പ്പിച്ച പുതിയ ദൗത്യം ദൈവനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീന്‍ അരമനയില്‍ നാളെയാണ് സ്ഥാനാരോഹണ ശുശ്രൂഷ.

സ്നേഹത്തിന്റെയും കരുതലിന്റെയും ഇടയന്‍. മാര്‍ത്തോമ്മാ സഭയിലെ ഒട്ടേറെ സ്ഥാപനങ്ങളുടെ തുടക്കക്കാരനും ജീവകാരുണ്യ രംഗത്തെ സംഘാടകനുമാണ് ഡോ.യുയാക്കീം മാർ കൂറിലോസ്. അമേരിക്ക യൂറോപ്പ് ഭദ്രാസനങ്ങളുടെ എപ്പിസ്കോപ്പയായിരിക്കെ 

മെക്സിക്കോയിലെ രണ്ടു ദ്വീപുകൾ ദത്തെടുത്ത് അനേകംപേര്‍ക്ക് പാര്‍പ്പിടവും തൊഴിലും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കിയത് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വേറിട്ടതാണ്. അടൂര്‍‌, റാന്നി–നിലയ്ക്കല്‍, കോട്ടയം–കൊച്ചി ഭദ്രാസനങ്ങളിലും വിവിധ പദ്ധതികളുടെ വഴികാട്ടിയായി. ഭിന്നശേഷിക്കാര്‍ക്കും മറവിരോഗമുളളവര്‍ക്കും സംരക്ഷണമൊരുക്കി. കൊട്ടാരക്കര ഭദ്രാസനത്തില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സഫ്രഗന്‍‌ മെത്രാപ്പൊലിത്തയാകുന്നത്.        

മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെയും മാരാമൺ കൺവൻഷന്റെയും പ്രസിഡന്റാണ്. കുന്നംകുളം ആർത്താറ്റ് ഇടവകയിലെ ചീരൻ കുടുംബാംഗം. 1951 നവംബർ 25ന് ജനനം. 1978 മേയ് 16ന് വൈദികനായി. 1989 ഡിസംബർ 9നാണ് എപ്പിസ്ക്കോപ്പയായി വാഴിക്കപ്പെട്ടത്. സഭാധ്യക്ഷനെ ഭരണകാര്യങ്ങളിൽ സഹായിക്കുകയെന്നതാണ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ ചുമതല. 1978 ല്‍ ഒരേ സമയം രണ്ടു പേരെ സഫ്രഗൻ മെത്രാപ്പോലീത്തയായി വാഴിച്ചത് സഭാ ചരിത്രമാണ്.