abdurab

സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലം പുറത്തു വന്നതിനു പിന്നാലെ താൻ മന്ത്രിയായിരുന്ന കാലത്ത് കേട്ട പരിഹാസങ്ങൾ ഓര്‍ത്ത് മുൻ  വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോൾ മനസിലായോ എന്നാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ചോദ്യം. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിന്റെ പേരിൽ ട്രോളിയ സൈബർ പോരാളികൾക്ക് ഇപ്പോൾ കാര്യം മനസിലായോ എന്നും അദ്ദേഹം ചോദിച്ചു.

പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

''SSLC വിജയശതമാനം 99.47

ഗോപാലേട്ടൻ്റെ പശുവില്ല,

ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,

സ്കൂളിൻ്റെ ഓട് മാറ്റാൻ  വന്ന ബംഗാളിയുമില്ല.

റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്

ഇജ്ജാതി ട്രോളുകളൊന്നുമില്ല.

2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC

വിജയശതമാനം കൂടിക്കൂടി വന്നു. 

2012 ൽ 93.64%

2013 ൽ 94.17%

2014 ൽ 95.47 %

2015 ൽ 97.99%

2016 ൽ 96.59%

UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ

വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.

2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് 

മന്ത്രിയായ ശേഷമുള്ള വിജയശതമാനവും 

ഉയരത്തിൽ തന്നെയായിരുന്നു.

2017 ൽ  95.98%

2018 ൽ  97.84%

2019 ൽ  98.11%

2020 ൽ  98.82%

ഇപ്പോഴിതാ 2021 ൽ 99.47% പേരും 

SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.

വിജയശതമാനം കൂടിയത് മന്ത്രിയുടെ

കഴിവു കേടല്ല, വിദ്യാർത്ഥികളെ,

നിങ്ങളുടെ മിടുക്കു കൊണ്ടാണ്. 

നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. 

ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ''.