പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര(65)യെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവിലെ വീട്ടിൽ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുറിക്കുള്ളിൽ കയറി അദ്ദേഹം വാതിലടയ്ക്കുകയായിരുന്നു. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാതായതോടെ മകൻ മുറിയുടെ വാതിൽ ചവിട്ടിത്തുറന്നപ്പോളാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹം ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. ഗായകൻ യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്. തരംഗിണി സ്റ്റുഡിയോയിൽ വയലിനിസ്റ്റ് ആയിരുന്നു. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.സംസ്കാരം ഇന്ന്.