പരിശുദ്ധ കാതോലിക്കാ ബാവയുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ഗായിക കെ.എസ്.ചിത്ര. തിരുമേനിയുടെ വിയോഗം തനിക്കും കുടുംബത്തിനും തീരാനഷ്ടമെന്ന് ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കായുള്ള സ്നേഹസ്പര്‍ശം പദ്ധതിയിലടക്കം സഹകരിച്ചതിന്‍റെ ഓര്‍മകള്‍ ചിത്ര പങ്കു വയ്ക്കുന്നു.
തിരുമേനിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്നേഹസ്പര്‍ശം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തിയതുമുതല്‍ തുടങ്ങുന്നു ചിത്രയും ബാവയും തമ്മിലുള്ള ആത്മബന്ധം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്കുന്ന പദ്ധതിയായിരുന്നു സ്നേഹസ്പര്‍ശം. തുടര്‍ന്ന് ഈ പദ്ധതിക്കുവേണ്ടി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ കെ.എസ്. ചിത്ര സജീവ സാന്നിധ്യമായി. ചിത്രയുടെ കൃഷ്ണ ഭക്തി നേരിട്ട് മനസിലാക്കിയ ബാവ ഒരിക്കല്‍ ഒരു കൃഷ്ണ വിഗ്രഹം തന്നെ സമ്മാനമായി നല്‍കി. ചിത്രയ്ക്കുള്ള സഭയുടെ ആദരമായാണ് പരുമല ആശുപത്രിയിലെ കീമോതെറപ്പി കേന്ദ്രത്തിന് മകള്‍ നന്ദനയുടെ പേര് നല്‍കിയതും. ബാവ നേരിട്ട് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ചിത്ര ഓര്‍ക്കുന്നു. താന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തീരുമാനമാണ് തിരുമേനിയില്‍ നിന്നുണ്ടായതെന്നും ചിത്ര അനുസ്മരിച്ചു. ജാതിമത ഭേദമന്യേ പരിശുദ്ധ പിതാവിന്റെ സ്നേഹവും സാമിപ്യവും സൗഹൃദവും അനുഭവിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലും ഏറെയാണെന്ന് ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു.
സ്നേഹസ്പര്‍ശം പദ്ധതിക്കായി അമേരിക്കയില്‍ ഒരു സംഗീത പരിപാടി നടത്താനുള്ള അലോചനയിലായിരുന്നു ചിത്ര എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ അത് നീട്ടിവയ്ക്കേണ്ടി വന്നു.തന്റെ വീട്ടില്‍ തിരുമേനി വന്നതിനപ്പുറം ഒരു ഭാഗ്യമില്ലെന്നാണ് ചിത്ര പറയുന്നു.