പത്തനംതിട്ട കുമ്മണ്ണൂരില്‍ അച്ചന്‍കോവിലാറ്റില്‍ ആനയുടെ ജഡം. ആനയ്ക്കൊപ്പം രണ്ടു കുട്ടിയാനകളുമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
കല്ലേലി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നു ശനിയാഴ്ച്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. അപ്പോള്‍ തന്നെ ആനയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. നദിയില്‍ ജലനിരപ്പ് കൂടുതലായതിനാലും ശക്തമായ മഴയുമുള്ളതിനാല്‍ ഫലമുണ്ടയിയില്ല. സന്ധ്യയോടെ ഒരു ആനയുടെ ജഡം കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം മുളങ്കയം ഭാഗത്ത് കണ്ടെത്തി.
കഴിഞ്ഞ രണ്ടു ദിവസമായി വനമേഖലയില്‍ ശക്തമായ മഴയുണ്ട്. ആന ഒഴുക്കില്‍പ്പെട്ടതോ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടെതോ ആകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആനയുടെ ജഡം സംസ്കരിക്കും.