ഒരു മലയാളസിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ദിലീപ് കുമാര്‍ എന്ന നടന്‍ മലയാളിയുടെയും സ്വന്തമായിരുന്നു. കൊച്ചിയിലും കൊല്ലത്തും കോട്ടയത്തുമൊക്കെ വന്നുപോയിട്ടുള്ള ഈ താരം കേരളത്തെ എന്നും ഇഷ്ടപ്പെട്ടിരുന്നു. 

1969 മാര്‍ച്ച് 22നു കൊച്ചിയില്‍ നടന്ന താരനിശ. ഹിന്ദിയിലെയും മലയാളത്തിലും പ്രമുഖനടീനടന്മാരും കലാകാരന്മാരും അണിനിരന്ന താരനിശയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ദിലീപ് കുമാര്‍. അവതാരകരന്‍ സുനില്‍ദത്തും. കേരളത്തില്‍ മിക്കവാറും വന്നുപോയിക്കൊണ്ടിരിക്കുന്ന ദിലീപിന് ഒരാതിഥേയന്‍റെ മട്ടുണ്ടായിരുന്നുവെന്ന്  ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ എഴുതി. കേരളത്തിലേക്കുള്ള വരവ് ഇതിനും ഏഴുവര്‍ഷം മുന്പും തുടങ്ങിയതിന് തെളിവ് ഈ ചിത്രമാണ്. തിരുവനന്തപുരത്തു നടന്ന പ്രദര്‍ശനഫുട്ബോള്‍ മല്‍സരം കാണുന്ന ദിലീപ് കുമാര്‍. 1965ലെ ക്രിസ്മസ് ദിനത്തില്‍ കൊല്ലത്ത്  കേരള ഫിലിം ഫാന്‍സ് അസോസിയേഷന്‍‌ ഉദ്ഘാടനം ചെയ്തതും ദിലീപ് കുമാര്‍ തന്നെ. നഗരത്തിലെ  ആദ്യ എയര്‍ കൂള്‍ഡ് തിയറ്ററായ ആനന്ദ് ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് കുമാര്‍ 1968ല്‍ കോട്ടയത്തെത്തി. ദുനിയാ എന്ന സിനിമയുടെ ചിത്രീകരണത്തിനായി 1987ല്‍ കൊച്ചിലുമെത്തി.