തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഇടംപിടിക്കാതെ രോഗികളായ നിർധന കുടുംബം. ഒരുമുറി വീട്ടിലെ സ്ഥലപരിമിതി മൂലം മകളെ ബന്ധുവീട്ടിലാക്കിയിരിക്കുകയാണ് രോഗികളായ ദമ്പതികൾ. അഞ്ചുവർഷമായി ഭവനപദ്ധതിയിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. 

കരകുളം പഞ്ചായത്തിലെ ഒഴുക്കുപാറയിലാണ് വീട് എന്ന് തികച്ച് പറയാനാൻ കഴിയാത്ത ഈ ഒറ്റമുറി. മൂന്നുതവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാജനും അപകടത്തിൽ പരുക്കേറ്റ് ജോലിക്ക് പോകാൻ കഴിയാത്ത ഭാര്യ ജീജയുടെയും വീട്. പത്താംക്ളാസിൽ പഠിക്കുന്ന ഏക മകൾ സോണയാകട്ടെ ബന്ധുവീട്ടിലാണ് കഴിയുന്നത്. ഭവനപദ്ധതിയിൽ ഉൾപ്പെടാൻ 2016ൽ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ കഴിഞ്ഞവർഷം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അയൽക്കാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് വീട് കഴിഞ്ഞുപോകുന്നതെന്ന് ജീജ പറയുന്നു. അതേസമയം, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ പരിഗണനയിലാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.