ഓക്സിജനായി രാഷ്ട്രീയം മറന്ന് ഒത്തുചേര്‍ന്ന് കാസര്‍കോട്ടെ സിഐടിയു–ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓക്സിജൻ പ്ലാന്റ് ഉപകരണങ്ങൾ പ്രതിഫലമില്ലാതെ ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ഇറക്കി.  

15 ടൺ ഭാരമുള്ള ഉപകരണങ്ങളാണ് കാഞ്ഞങ്ങാട്ട് സി.ഐ.ടി.യു–ബി.എം.എസ്. ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്ന് ഇറക്കിയത്. സാധാരണയായി 30,000 രൂപ വരെ ഇറക്കുകൂലിയായി വാങ്ങാവുന്ന ജോലിയാണ് ഇവര്‍ സൗജന്യമായി ചെയ്തുകൊടുത്തത്. ജില്ലാ ആശുപത്രിയിൽ ദേശീയപാത വിഭാഗം നിർമിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം കാ‍ഞ്ഞങ്ങാട്ടെത്തിച്ചത്. യന്ത്രഭാഗങ്ങൾ ഇറക്കിവയ്ക്കാൻ അധികൃതർ ചുമട്ടു തൊഴിലാളികളുടെ സഹായം തേടി. വിവരമറിഞ്ഞ് ബിഎംഎസ്, സിഐടിയു യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ ജില്ലാ ആശുപത്രിയിലെത്തി. യന്ത്ര സഹായത്തോടെ ഇരു വിഭാഗവും ചേർന്നു സുരക്ഷിതമായി യന്ത്ര സാമഗ്രികൾ ഇറക്കി വച്ചു. 

രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഭാരമേറിയ ഉപകരണങ്ങൾ‍ ഇവര്‍ ഇറക്കിയത്. നാടിന്‍റെ നന്മയ്ക്കായി രാഷ്ട്രീയം മറന്ന ചുമട്ടുതൊഴിലാളികളെ അഭിനന്ദിക്കുകയാണ് നാട്ടുകാരും ആരോഗ്യവകുപ്പും.