bluetooth-01

കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍. വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റമെന്ന് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ബ്ലൂ ടൂത്ത് സംവിധാനം വഴി ഫോണില്‍ സംസാരിച്ചാല്‍ കുറ്റകരമാണോ അല്ലയോ എന്നതായിരുന്നു ചര്‍ച്ച. 2017ല്‍ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരം.  ബ്ലൂ ടൂത്ത് സംവിധാനം വഴി ഹാന്‍ഡ്സ് ഫ്രീയായി സംസാരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു പിടികൂടാന്‍ നിര്‍ദ്ദേശം പോയിട്ടുമില്ല. 

ബ്ലൂ ടൂത്ത് സംവിധാനത്തിലൂടെ ഡ്രൈവിങ്ങിനിടെ സംസാരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ നിന്ന് അറിയാനും സാധിക്കില്ല. ഇനി അഥവാ ഈ കുറ്റം തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ വിളി പട്ടിക പരിശോധിക്കേണ്ടി വരും. ഇങ്ങനെ സംസാരിച്ചതിന്റെ പേരില്‍ പിടികൂടുകയെന്നത് പ്രായോഗികവുമല്ല. ടാക്സി ഡ്രൈവര്‍മാര്‍ക്കാണെങ്കില്‍ ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. ഉദ്യോഗസ്ഥര്‍മാര്‍ ഇതിന്റെ പേരില്‍ ഡ്രൈവര്‍മാരെ  ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ പറയുന്നു.

ഒട്ടുമിക്ക കാറുകളിലും ഫോണ്‍ ബന്ധപ്പിക്കാവുന്ന ബ്ലൂ ടൂത്ത് സംവിധാനമുണ്ട്.  ഡ്രൈവിങ്ങിനിടെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍  ബ്ലൂ ടൂത്ത് സംവിധാനമായാലും പരമാവധി ഉപയോഗിക്കരുതെന്നാണ് ഉദ്യോഗസ്ഥരുടെ ഉപദേശം.