sureshgopi-vismaya-home

തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാട് പേരോട് ചോദിച്ചിരുന്നതായി നടനും എംപിയുമായ സുരേഷ്ഗോപി. ‘വളരെ വൈകിയാണ് ‍ഞാൻ അത് അറിഞ്ഞത്. മാധ്യമപ്രവർത്തകരോട് പോലും എന്റെ ഫോൺ നമ്പർ തരുമോ എന്ന് ചോദിച്ച് വിസ്മയ സന്ദേശമയച്ചതായി ഇപ്പോഴാണ് അറിയുന്നത്. ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണാം. ഒരു പരാതി പറഞ്ഞ​ാൽ, ഒരു പക്ഷേ ഇവിടെ വന്ന് കൂട്ടി െകാണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവന് രണ്ട് തല്ല് കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം. അത് അറിഞ്ഞപ്പോഴാണ് ഞാൻ മനോരമയിലെ ചർച്ചയിൽ അങ്ങനെ പറഞ്ഞത്.’ വിസ്മയയുടെ വീട്ടിലെത്തിയ ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

കേരളത്തിലെ ഇത്തരം ആവർത്തിക്കുന്ന സ്ത്രീപീഡനവിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകൾ വേണം. രാഷ്ട്രീയത്തിനപ്പുറം ഏതൊരാൾക്കും വീട്ടിലെ പ്രശ്നങ്ങൾ പറയാൻ കഴിയുന്ന മാതാപിതാക്കളെ അത്തരം സംഘത്തിൽ ഉൾപ്പെടുത്തണം. ഒരു കുട്ടിക്ക് പോലും വിളിച്ച് എന്റെ പ്രശ്നം ഇതാണ് എന്ന് പറയാൻ സാധിക്കുന്ന വിധം കുറച്ച് മനുഷ്യർ ഓരോ ഗ്രാമത്തിലും വേണം. അവർ വിഷയം മനസിലാക്കി പൊലീസിനോട് ബന്ധപ്പെടണം. സുരേഷ് ഗോപി പറയുന്നു. വിഡിയോ കാണാം.