വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ രാജിക്കായി രാവിലെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്താകെ ഉയർന്നത്. ജോസഫൈനെ തടയാൻ ഏ.കെ.ജി സെന്ററിന് മുന്നിലെത്തിയ മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ജോസഫൈന്റെ അങ്കമാലിയിലെ വസതിക്ക് മുന്നിലും പ്രതിഷേധമുയർന്നിരുന്നു.
ഏ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ജോസഫൈന്റെ വിവാദ പരാമർശം ചർച്ച ചെയ്യുമ്പോൾ പുറത്ത് തെരുവിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ ജോസഫൈനെത്തിയ ശേഷമാണ് മഹിളാ കോൺഗ്രസ് നേതാക്കൾ എ.കെ.ജി സെന്ററിന് മുന്നിലെത്തിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ജോസഫൈന്റെ രാജിക്കായി കളമശേരിയിൽ കെഎസ്.യു പ്രവർത്തകർ പ്രതീകാത്മക ശുദ്ധികലശം നടത്തി. അങ്കമാലിയിൽ ജോസഫൈന്റെ വീടിന് മുന്നിലും തിരുവനന്തപുരത്ത് വനിതാ കമ്മിഷൻ ഓഫീസിന് മുന്നിലും ബിജെപി കോലം കത്തിച്ചു. ജോസഫൈനെ കോൺഗ്രസ് പ്രവർത്തകർ തടയുമെന്ന് കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജോസഫൈന്റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.