റാപ്പിഡ് പിസിആർ ടെസ്റ്റിന് കേരളത്തിലെ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം തുടരുന്നു. ദുബായിലെ ക്വാറൻറീൻ കാര്യത്തിലടക്കം അവ്യക്തത തുടരുന്നതിനാൽ വിമാനകമ്പനികൾ സർവീസുകൾ ക്രമീകരിച്ചിട്ടില്ല. വാക്സീൻ സ്വീകരിച്ച താമസവീസക്കാരായവർക്ക് ഇന്നു മുതൽ ദുബായിലേക്ക് പ്രവേശിക്കാമെന്നാണ് ദുബായ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. 

ദുബായിലേക്ക് യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനൊപ്പം നാലുമണിക്കൂറിനുള്ളിൽ റാപ്പിഡ് പിസിആർ പരിശോധനകൂടി വേണമെന്ന ദുബായ് സർക്കാരിൻറെ അഭ്യർഥന പ്രകാരം സൌകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് സൌകര്യമൊരുക്കും.

മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആശ്വാസം പകരുന്നതാണെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇതിനുള്ള ചെലവ് എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല. ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷമുള്ള കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. പക്ഷേ, അതിനായി എങ്ങനെ ബുക് ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനൊപ്പം അബുദാബി അടക്കം ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാർക്ക് ദുബായിലേക്ക് മടങ്ങാനാകുമോയെന്നും സ്ഥിരീകരണമില്ല. കുട്ടികൾക്ക് വാക്സീൻ ലഭ്യമല്ലാത്തതിനാൽ അവരുടെ യാത്രയിലും അനിശ്ചിതത്വമാണ്. ഈ സാഹചര്യത്തിലാണ് എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഉടൻ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.