ശുദ്ധസംഗീതത്തിന്റെ തനിത്തങ്കപ്പൊലിമയാണ് പൊന്നമ്മാള്‍. പകരംവെക്കാനില്ലാത്ത അപൂര്‍വ്വതകള്‍ ഏറെ ചേര്‍ക്കാനുണ്ട് ആ പേരിനൊപ്പം. ആ നാദവിന്യാസമില്ലാതാവുമ്പോള്‍ ബാക്കിയാവുന്നത് അവര്‍ സമ്മാനിച്ച ആ അപൂര്‍വ്വതകളാണ്.
മാറ്റുകുറയാത്ത പൊന്നിന്റെ അമ്മാളാണ് പൊന്നമ്മാള്‍. ലാളിത്യത്തിന്റെ മുഖചിത്രം. ശുദ്ധസംഗീതത്തിന്റെ കലര്‍പ്പില്ലാത്ത ചിട്ടക്രമത്തിന്റെ സ്തംഭമാണ് പൊന്നമ്മാളെന്ന പദം. അല്‍പ്പം ഒരം കൂടിയ ശബ്ദം. എന്നാല്‍ മുന്നിലിരിക്കുന്ന ആസ്വാദകര്‍ക്കായി ആ ഒരത്തിലൊരല്‍പ്പം മയം വരുത്താനോ പതം വരുത്താനോ പൊന്നമ്മാള്‍ കൂട്ടാക്കിയില്ല. നാദധാരയെ തന്റെ സ്വതസിദ്ധ ശബ്ദത്തിലേക്ക് സമന്വയിപ്പിച്ചു.
കേരളത്തിന്റെ പട്ടമ്മാള്‍ ആണ് പൊന്നമ്മാള്‍. സംഗീത ലോകത്ത് പെണ്‍പൊലിമയുടെ പര്യായമായിരുന്ന ഡി.കെ പട്ടമ്മാളിനെപ്പോലെ പൊന്നമ്മാളും തനതുസ്വരശൈലിയുടെ വക്താവായിരുന്നു. ആസ്വാദകനു വേണ്ടപോലെ പാടുകയായിരുന്നില്ല അമ്മാളുടെ രീതി. തന്റെ ചിട്ടക്രമത്തിലേക്ക് കാണികളെ ലയിപ്പിക്കുകയായിരുന്നു പതിവ്. പല്ലാവൂര്‍ അപ്പുമാരാരും മട്ടന്നൂരും എങ്ങനെയാണോ ആസ്വാദകര്‍ക്കിടയില്‍ വ്യത്യസ്തരാവുന്നത്, അതുപോലെയാണ് മറ്റു പ്രകടനമികവാര്‍ന്ന സംഗീതഞ്ജരില്‍ നിന്ന് പൊന്നമ്മാള്‍ വേറിട്ട് നിന്നത്. തികഞ്ഞ പണ്ഡിത, മികവാര്‍ന്ന അധ്യാപിക, ഒന്നാന്തരം അവതാരക.. ഈ മൂന്നു ഗുണങ്ങളും ഒത്തുചേര്‍ന്ന അപൂര്‍വ്വതയുടെ പേരാണ് പൊന്നമ്മാള്‍.
ഇരയിമ്മന്‍ തമ്പി കൃതികളോട് ഏറെ പ്രതിപത്തി പുലര്‍ത്തിയിരുന്നു അവര്‍. പാവനഗുരു പവനപുരാദീശ്വരമാശ്രയേ എന്ന ഗുരുവായൂരപ്പകൃതി പാടാതെ ചെമ്പൈ തന്റെ കച്ചേരി അവസാനിപ്പിക്കാറില്ലായിരുന്നുവത്രേ. അതുപോലെയാണ് പൊന്നമ്മാളിന് ഇരയിമ്മന്‍തമ്പികൃതികള്‍. ഭാവപ്രകടനത്തിനേറെ പ്രാധാന്യമുള്ള അദ്ദേഹത്തിന്റെ പദങ്ങള്‍ തന്റെ കഠിനശബ്ദത്തിലേക്ക് സമന്വയിപ്പിക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു ആ സംഗീത പ്രഭ്വിക്ക്. ശുഭപന്തുവരാളി ഏറെ പ്രിയങ്കരമായിരുന്നു. അലങ്കാരങ്ങളില്ലാത്ത ആ പൊന്നുസംഗീതം ഇനി ദേവലോകത്ത് മുഴങ്ങട്ടെ.