1985-ൽ പുറത്തിറങ്ങിയ പത്താമുദയം അടക്കം ഒന്നിലധികം സിനിമയിലെ ഗാനങ്ങൾ രചിച്ചാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ ചുവടുറപ്പിക്കുന്നത്. മുഖ്യധാര മലയാള സിനിമയുടെ ഭാഗമായുള്ള പാട്ടെഴുത്തിനിടെ നിത്യഹരിത ഭക്തിഗാനങ്ങൾ ഉൾപ്പെടെ രമേശൻ നായരുടേതായി നാലായിരത്തൊളം സൃഷ്ടികളാണ് ആസ്വാദകർക്ക് മുന്നിലുള്ളത്.
പത്താമുദയത്തിനൊപ്പം 85ൽ പുറത്തിറങ്ങിയ രാകുയിലിൻ രാജസദസിൽ എന്ന ചിത്രത്തിലെ പാട്ടുകളാണ് എസ്. രമേശൻ നായരെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്. അതിനും മുൻപ് 81ൽ രമേശൻ നായർ എഴുതി പുറത്തുവന്ന ഭക്തിഗാനങ്ങളെ എവർഗ്രീൻ എന്നുതന്നെ വിശേഷിപ്പിക്കാം. വിഘ്നേശ്വരനെയും പാറമേൽക്കാവ് ഭഗവതിയേയും വടക്കുംനാഥനെയും മലയാളി കൺകണ്ട് വണങ്ങിയ പാട്ടുകൾ
പിന്നീട് എത്തിയ സിനിമ പാട്ടുകളോരോന്നും എസ്. രമേശൻ നായരെന്ന പേരിന് പെരുമകുട്ടി, സിനിമാപാട്ടെഴുത്തിനിടെ സംഗീതഞ്ജൻ ജയനൊപ്പം മയിൽപ്പീലി എന്ന ആൽബത്തിലെ ഹിറ്റ് പാട്ടുകൾക്കും രമേശൻ നായർ വരികൾ തീർത്തു എൺപതുകളിൽ കുറിച്ച ഹിറ്റ് പാട്ടുകൾ തൊണ്ണൂറുകളിലും രമേശൻ നായരെ മലയാള സിനിമയ്ക്കൊപ്പം ചേർത്ത് നിർത്തി. അങ്ങനെ 97ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവിലേതടക്കം ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഉണ്ടായി.
ഹൃദയവീണ, പാമ്പാട്ടി, ഉർവശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രമേശൻ നായർ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് പുറമെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആശാൻ പുരസ്കാരവും ഇക്കാലയളവിൽ കവിയെ തേടിയെത്തി.