foodro

അപ്രതീക്ഷിതമായി വന്ന മാഹാമാരിയുടെ വ്യാപനം. അതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍. 2020ലെ ആ ഇരുണ്ട ദിനങ്ങള്‍ ആര്‍ക്കാണ് പെട്ടെന്ന് മറക്കാന്‍ കഴിയുക. എന്നാല്‍ വെല്ലുവിളികള്‍ ധൈര്യത്തോടെ അഭിമുഖീകരിച്ചപ്പോള്‍ മൂന്ന് യുവാക്കളുടെ സ്വപ്നമായിരുന്ന ഒരു സംരംഭം കൊച്ചിക്കാര്‍ക്ക് ആശ്വാസമായി മാറി. ഫുഡ്‍റോ എന്ന ആ സംരംഭം ഇന്ന് കൊച്ചിയില്‍ സൂപ്പര്‍ ഹിറ്റാണ്.

2016ലാണ് അവശ്യസാധനങ്ങളുടെ വിതരണത്തിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി ആപ്പ് എന്ന ആശയം ബിജേഷും സുഹൃത്തുക്കളും അവതരിപ്പിക്കുന്നത്. പക്ഷെ ആരും ഈ ആപ്പ് വാങ്ങാന്‍ തയാറായില്ല. അങ്ങനെയാണ് സ്വന്തമായി ഒരു ആപ്പ് പുറത്തിറക്കി ജനങ്ങള്‍ക്ക് സേവനമെത്തിക്കുക എന്ന ചിന്തയിലേക്കെത്തുന്നത്. അങ്ങനെ 2017 ഓഗസ്റ്റില്‍ ഫുഡ്റോ എന്ന പേരിലുളള ആപ്പ് പുറത്തിറക്കി. ആപ്പ് പുറത്തിറക്കി ആദ്യത്തെ ഒരാഴ്ചയ്ക്ക് ശേഷമാണ് ആദ്യത്തെ ഓര്‍ഡര്‍ ലഭിക്കുന്നത്. പക്ഷെ പിന്നീടുളള ഒരു വര്‍ഷം ലാഭമൊന്നും നേടാന്‍ ആപ്പിന് സാധിച്ചില്ല. തുടര്‍ച്ചയായി ഒറ്റ ഓര്‍ഡര്‍ പോലും ലഭിക്കാത്ത ദിവസങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഈ തിരിച്ചടികളിലൊന്നും ഈ മൂന്ന് സംരംഭകരും തകര്‍ന്നില്ല. .വളരെ അപ്രതീക്ഷിതമായി മഹാമാരി പടരുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 

 മൂന്ന് പാര്‍ട്ണര്‍മാരും ഒരു വിതരണ ജീവനക്കാരനും ആയി തുടങ്ങിയ സ്ഥാപനത്തില്‍ ഇന്നുളളത് 42 ജീവനക്കാരാണ്. ആദ്യ സമയങ്ങളില്‍ നാലോ അഞ്ചോ ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 250 ഓളം ഓര്‍ഡറുകള്‍ ഒരു ദിവസം ലഭിക്കുന്നു. രോഗവ്യാപനം രൂക്ഷമായ അവസരങ്ങളില്‍ 750 - 800 ഓര്‍ഡറുകളാണ് പ്രതിദിനം ലഭിച്ചിരുന്നത്. പല സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ പോലും ഇവരുടെ സേവനം തടസ്സപ്പെട്ടില്ല.  

ബിജേഷ്, രാഹുല്‍,വിജയരാജ് എന്നിവരുടെ കൂട്ടായ്മ പ്രവര്‍ത്തം വിപുലീകരിക്കാനുളള ഒരുക്കത്തിലാണ്. നിലവിലെ 44 ഉല്‍പ്പന്നങ്ങള്‍ ഉളള ബ്രാന്‍റ് 72 ഉല്‍പ്പന്നങ്ങളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.