Private-Bus

ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തിൽ സർവീസ് നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശം അപ്രായോഗികമെന്ന് സ്വകാര്യ ബസ് ഉടമകൾ. വരും ദിവസങ്ങളിൽ സർവീസ് നടത്തണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബസുടമകളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് ഓൺലൈനിൽ ചേരും.

നിലവിൽ നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.ആദ്യ ലോക് ഡൗണിന് മുമ്പ് സംസ്ഥാനത്ത് 12,600 ബസുകൾ ഉണ്ടായിരുന്നു. ലോക് ഡൗണിന് ശേഷം അത് രണ്ടായിരമായി ചുരുങ്ങി. ഇന്ധന വില ഉൾപ്പടെ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് സർവീസ് നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശത്തോട് യോജിക്കാൻ കഴിയില്ലെന്ന് ബസുടമകൾ പറയുന്നു

സർവീസ് നടക്കാതായതോടെ മിക്ക ബസുകളും കട്ട പുറത്താണ്.ഇത് നിരത്തിലിറക്കിയാലും വരുമാനം കുറവായിരിക്കും. നികുതി പൂർണമായും ഒഴിവാക്കണമെന്നും യാത്രാ നിരക്ക് കൂട്ടണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.ഇക്കാര്യങ്ങൾ ഉൾപ്പടെ ഇന്ന് ഉച്ചകഴിഞ്ഞു ചേരുന്ന ബസ് ഉടമ സംഘടനകളുടെ യോഗം ചർച്ച ചെയ്യും