bjp-01

സ്ത്രീകളെ പൂജാരിമാരാക്കുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ തുണച്ച് കേരള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സ്ത്രീകളെ പൂജാരിമാരാക്കുന്നതിനോട് എതിർപ്പില്ല. ഈ ആശയത്തോട് ബിജെപിക്ക് പൂർണ യോജിപ്പാണ്. എന്നാൽ വിശ്വാസ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ഇവിടെ ദേവസ്വം ബോർഡിന് തമിഴ്നാട് സർക്കാര്‍ എടുത്ത തീരുമാനം എടുക്കാം. പക്ഷേ സർക്കാരിന്റേതായിട്ടുള്ള തീരുമാനങ്ങൾ പാടില്ല. കാലകാലങ്ങളിലായി ഹിന്ദു സമൂഹത്തിൽ സ്ത്രീകളെ പൂജാരിമാരാക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. വിപ്ലവമായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം മനോരമ ന്യൂസ് ഡോഡ്കോമിനോട് വ്യക്തമാക്കി. 

 

തമിഴ്നാട്ടിലും ഇന്ത്യയിൽ മറ്റെവിടെയും തന്നെ ബിജെപിക്ക് എല്ലാ കാര്യത്തിലും ഒരേ നയമാണ്. അതുകൊണ്ട് തമിഴ്നാട് ബിജെപിയുടെ തീരുമാനത്തെ കേരള ഘടകം എതിർക്കേണ്ട കാര്യമില്ല. പൂജാരിമാരാകുന്നത് മറ്റ് ജോലി പോലെയല്ലല്ലോ..? ഇത് തീർത്തും വ്യക്തിപരമായ കാര്യമാണ്. കേരളത്തിൽ പലയിടത്തും സ്ത്രീകൾ ഈ ജോലിയോട് താൽപര്യം കാണിക്കാറില്ല. എന്നാൽ ഒരു മതേതര സർക്കാരിന്റെ ചുമതലയല്ല ആരെ ഇത്തരത്തിൽ നിയമിക്കണമെന്ന്. പൂജാ വിധി പഠിപ്പിക്കുന്നതും സർക്കാരിന്റെ ജോലിയല്ല. അത് അതാത് മതസംഘടനകളുടെ മാത്രം കാര്യമാണ്. മതങ്ങളിലേക്കുള്ള കൈകടത്തലുകൾ ബിജെപി ശക്തമായി എതിർക്കും. ഇങ്ങനെയൊരു തീരുമാനത്തെ ശബരിമല വിധിയുമായി കൂട്ടിചേർക്കേണ്ട കാര്യമില്ല. 

 

എന്തുകൊണ്ട് മറ്റ് മതങ്ങളിലേക്ക് ഇത്തരം കൈകടത്തലുകൾ ഉണ്ടാവുന്നില്ല...? ഹിന്ദുസമുദായത്തിൽ മാത്രമുള്ള ഈ ഇടപെടലുകൾ പാർട്ടി ഗൗരവകരമായി തന്നെയാണ് കാണുന്നത്- എംടി രമേശ് കൂട്ടിച്ചേർത്തു.

 

തമിഴ്നാട് സർക്കാരിന്റെ തീരുമാനം ഇങ്ങനെ: സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണു സ്ത്രീകളെയും പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കി നിയമനം നല്‍കുമെന്ന് തമിഴ്നാട് േദവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു. നിലവില്‍ ഒഴിവുകളിലേക്കാണു സ്ത്രീകളെ നിയമിക്കുക. ഹിന്ദുമതത്തില്‍പെട്ട ഏതുവിഭാഗക്കാര്‍ക്കും അപേക്ഷ നല്‍കാമെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴിലാക്കാന്‍ നടപടിയെടുത്തതിനു പിറകെയാണു സര്‍ക്കാര്‍ നീക്കം.