തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനുള്ള അവസരം എറണാകുളം ഏഴിക്കര പഞ്ചായത്ത് പാഴാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരില്‍നിന്നുള്ള കത്തിന് യഥാസമയം മറുപടി നല്‍കിയില്ലെന്നാണ് ആക്ഷേപം. പഞ്ചായത്തിന് മുന്നില്‍ സിപിഎം പ്രത്യക്ഷ സമരവും നടത്തി. വിഡിയോ റിപ്പോർട്ട് കാണാം.
തീരദേശ പരിപാലന നിയമം ഏറ്റവുമധികം ബാധിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് എഴിക്കര. ഇതുമൂലം പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഭേദഗതി നിര്‍ദേശിക്കാനുള്ള അവസരം അധികൃതര്‍ പാഴാക്കിയതെന്നാണ് ആക്ഷേപം. എറണാകുളം ജില്ലയ്ക്കായി തയാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരട് സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. മെയ് ഏഴിനാണ് എറണാകുളം തീരപരിപാലന അതോറിറ്റിയുടെ കത്ത് പഞ്ചായത്തിലെത്തിയത്. മെയ് ഇരുപത്തിയെട്ടിന് മുന്‍പ് അഭിപ്രായം അറിയിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇക്കാര്യം പഞ്ചായത്ത് അംഗങ്ങളെ അറിയിക്കാനോ ഭരണസമിതിയില്‍ അവതരിപ്പിക്കാനോ നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സര്‍ക്കാരില്‍നിന്ന് ലഭിച്ച ഇ-മെയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്നമെന്നും, ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ് പറഞ്ഞു.