കെ.എസ്.ആര്‍.ടി.സി എന്ന ട്രേ‍‍ഡ് മാര്‍ക്ക് ഇനി കേരളത്തിന് സ്വന്തം. ഏഴുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കര്‍ണാടകയുടെ അവകാശവാദം തള്ളി, കേന്ദ്ര ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ആനവണ്ടിയെന്ന വിളിപ്പേരും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് സ്വന്തമായി. 

കെ.എസ്.ആര്‍.ടി.സിയെന്നാല്‍ മലയാളിക്ക് കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പേറഷനാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ഇതേ ചുരുക്കെഴുത്ത് സ്വീകരിച്ചതോടെ തര്‍ക്കം തുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റര്‍നെറ്റില്‍ കയറി കെ.എസ്.ആര്‍.ടി.സിയെന്ന് അടിച്ചാല്‍ പലപ്പോഴും വരുന്നത് കര്‍ണാടക ബസിന്റ വിവരങ്ങള്‍.  2014 ല്‍ കെ.എസ്.ആര്‍.ടി.സി തങ്ങള്‍ക്ക് അനുവദിച്ച് തരണമെന്നാ വശ്യപ്പെട്ട് കര്‍ണാടകം കേന്ദ്ര ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷനെ സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമപോരാട്ടമായി.  

1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ്  പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ല്‍ കെ.എസ്.ആര്‍.ടി.സിയായി. കര്‍ണാടകയാകട്ടെ 1973 ലാണ്  കെ.എസ്.ആര്‍.ടി.സിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളം അനുകൂലവിധി നേടിയത്. ആനവണ്ടിയെന്ന വിളിപ്പേരും കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചതോടെ മറ്റാര്‍ക്കും ഇനി ഈ പേര് ഉപയോഗിക്കാനാകില്ല.