നൂറ്റാണ്ടിലേറെ കാലം പയ്യന്നൂരിന് തണലേകിയ മരമുത്തശ്ശി  ഓർമയിലേക്ക്. അപകടാവസ്ഥയിലായതിനെ തുടർന്നാണ്  നഗരസഭാ അധികൃതർ പയ്യന്നൂർ സെൻട്രൽ ബസാറിലെ ആൽമരം മുറിച്ചു മാറ്റാൻ തീരുമാനിച്ചത്.പയ്യന്നൂരിൻ്റ ചരിത്രത്തോളം തന്നെ  പഴക്കമുണ്ട് ഈ ആൽമരത്തിനും എന്നാണ് പറയപ്പെടുന്നത്. പയ്യന്നൂരിൽ നടന്ന സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കും, ഐതിഹാസിക സംഭവങ്ങൾക്കും മൂക സാക്ഷിയായിരുന്നു ഈ ആൽമരം. കൂടാതെ, നഗരത്തിലെത്തുന്ന  യാത്രികർക്ക് തണലായും നിലകൊണ്ടു . തൊട്ടടുത്ത പൊതു കിണറിലെ വെള്ളം കുടിച്ച് ആൽത്തറയിൽ മയങ്ങി യാത്രക്കാർ   ക്ഷീണമകറ്റും. കാലപ്പഴക്കത്താൽ ആൽമരം അപകടാവസ്ഥയിലായി. മരത്തിന്റെ ഒരു 

ഭാഗം പൊട്ടിവീണ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതേ തുടർന്നാണ് നഗരസഭാ അധികൃതർ ആൽമരം മുറിക്കാൻ നടപടികൾ സ്വീകരിച്ചത്. നഗരപരിധിയിലെ അപകടാവസ്ഥയിലായ മുഴുവൻ മരങ്ങളും മുറിച്ചുമാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.നൂറ്റാണ്ടുകളോളം പഴക്കമുള്ള മരത്തിൻ്റെ പല ഭാഗങ്ങളും ദ്രവിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മരം പോട്ടിവീണ് നഗരത്തിൽ ഗതാഗത തടസമുണ്ടായിരുന്നു. പയ്യന്നൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് റോഡിൽ വീണ മരം മുറിച്ച് മാറ്റിയത്.