കോവിഡിൽ കരുതലിന്റെ കരങ്ങളുമായി മാതൃകയാകുകയാണ് സന്തോഷ്. ഒരു വിളിപ്പാടകലെ കോവിഡ് ബാധിതർക്ക് ആശ്വാസമായി കുറുവന്തേരി കല്ലമ്മൽ സ്വദേശി കെ.സി.സന്തോഷ് ഉണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇരുന്നൂറോളം രോഗികളെയാണ് കോഴിക്കോട് അടക്കമുള്ള വിവിധ ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമെത്തിച്ചത്. ചെക്യാട് അഗ്രികൾചറൽ ഇപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ കാറിനു മുകളിൽ തന്റെയും സൊസൈറ്റി ചെയർമാൻ രവീഷ് വളയത്തിന്റെയും ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതു സമയത്തും രോഗികൾക്ക് ഈ നമ്പറുകളിൽ വിളിക്കാം. കഴിഞ്ഞ മഴയ്ക്കിടയിൽ രാത്രി വെള്ളത്താൽ ചുറ്റപ്പെട്ട ഓർക്കാട്ടേരിയിലെ വീട്ടിൽ നിന്നു പൂർണ ഗർഭിണിയെ സുരക്ഷിത സ്ഥലത്ത് എത്തിക്കാൻ ആശ്രയമായത് സന്തോഷും സൊസൈറ്റിയുടെ വാഹനവുമാണ്. പ്രതിഫലമൊന്നും വാങ്ങാതെയാണ് സന്തോഷിന്റെ സേവനം. സൊസൈറ്റി വക വാഹനം ആദ്യം വളയം, ചെക്യാട് പഞ്ചായത്തുകളിലാണ് ഓടിയതെങ്കിൽ ഇപ്പോൾ എവിടെയും സേവനം നൽകുന്നുണ്ട്.
സൊസൈറ്റിയുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് കോവിഡ് കാലത്ത് കഴിയുന്ന സേവനം എന്നാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ, രോഗികളുടെ എണ്ണം കൂടിയതോടെ ഓട്ടം തുടർന്നു. പ്രതിസന്ധിയുടെ കാലത്ത് ഇന്ധനച്ചെലവ് നോക്കാതെ സേവനം തുടരാനാണ് തീരുമാനമെന്ന് സൊസൈറ്റി പ്രസിഡന്റ് രവീഷ് വളയം പറഞ്ഞു. കോവിഡ് പരിശോധനയ്ക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ചികിത്സയ്ക്കുമെല്ലാം സൊസൈറ്റിയുടെ വാഹനവും സന്തോഷ് എന്ന ഡ്രൈവറും സന്നദ്ധമാണ്. ഫോൺ: 9745207066.